റിദ എം പി (4 sem, BA Multimedia)
ലൈബ്രറിയിലെ താലിയോലകൾക്കും റഫറൻസ് ബുക്കുകൾക്കും ഇടയിൽ തലപുകച്ചിരുന്ന ഒരു തലമുറയിൽ നിന്നും, ഒരു ക്ലിക്കിൽ ലോകത്തെ സകല അറിവും വിരൽത്തുമ്പിലെത്തിക്കുന്ന ‘ചാറ്റ് ജിപിടി’ തലമുറയിലേക്ക് നമ്മുടെ ക്യാമ്പസ് മാറിക്കഴിഞ്ഞു. ഇന്ന് കോളേജ് വരാന്തകളിലെ സംസാരവിഷയം പുതിയ സിനിമയോ കന്റീനിലെ ചായയോ മാത്രമല്ല, പകരം “ഡാ, ആ അസൈൻമെന്റ് ഒന്ന് പ്രോംപ്റ്റ് ചെയ്ത് തരുമോ?” എന്ന ചോദ്യം കൂടിയാണ്.
മുമ്പ് അസൈൻമെന്റ് സബ്മിഷന്റെ തലേദിവസം ഉറക്കമിളച്ചിരുന്ന് പേജുകൾ എഴുതി നിറച്ചിരുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് എ ഐ ഒരു രക്ഷകനാണ്.
പഠനഭാരം കുറയ്ക്കാനും ആശയങ്ങൾ ലളിതമായി മനസ്സിലാക്കാനും എ ഐ സഹായിക്കുന്നു എന്നത് ഒരു വാസ്തവം തന്നെയാണ്.
പഴയ ഗൂഗിൾ സെർച്ചിൽ നിന്ന് വ്യത്യസ്തമായി, നമ്മൾ ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം എഴുതി നൽകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയും. ഇത് വിദ്യാർത്ഥികൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. എന്നാൽ, ഈ ആത്മവിശ്വാസം സ്വന്തം ചിന്താശേഷിയെ തുരുമ്പെടുപ്പിക്കുന്നുണ്ടോ എന്ന ഗൗരവകരമായ ചോദ്യവും ഇതിനോടൊപ്പം ഉയരുന്നുണ്ട്.
വിദ്യാർത്ഥികൾ സ്മാർട്ടാകുമ്പോൾ അധ്യാപകർ അതിനേക്കാൾ സ്മാർട്ടാകേണ്ടി വരുന്നു.
ക്യാമ്പസ് ലൈഫിന്റെ സൗന്ദര്യം എന്നത് ഓരോ വ്യക്തിയുടെയും വ്യത്യസ്തമായ ചിന്തകളാണ്. എന്നാൽ എല്ലാവരും ഒരേ എ ഐ ടൂൾ ഉപയോഗിക്കുമ്പോൾ ആശയങ്ങൾക്കും ഭാഷയ്ക്കും ഒരു ‘യന്ത്രത്തം’ വരുന്നു. സ്വന്തമായി ഒരു വരി എഴുതാൻ പോലും ഗൂഗിളിനെയും എ ഐ-യെയും ആശ്രയിക്കേണ്ടി വരുന്നത് നമ്മുടെ സർഗ്ഗാത്മകതയെ ബാധിക്കില്ലേ?
എ ഐ-യെ പൂർണ്ണമായും നിരോധിക്കുക എന്നത് പ്രായോഗികമല്ല. പകരം അത് എങ്ങനെ ഒരു പഠന സഹായിയായി ഉപയോഗിക്കാം എന്നതിലാണ് കാര്യം. ഒരു വിഷയത്തിന്റെ ഘടന മനസ്സിലാക്കാൻ എ ഐ ഉപയോഗിക്കാം, പക്ഷേ അതിലെ വരികൾ നമ്മുടെ സ്വന്തമായിരിക്കണം.
സാങ്കേതികവിദ്യ വളരുമ്പോൾ അതിനൊപ്പം നമ്മളും വളരണം, പക്ഷേ നമ്മുടെ ചിന്താശേഷി യന്ത്രങ്ങൾക്ക് പണയം വെച്ചാകരുത് അത്. അടുത്ത തവണ അസൈൻമെന്റ് എഴുതാൻ തുടങ്ങുമ്പോൾ ഒരു നിമിഷം ആലോചിക്കുക: ഇത് എഴുതുന്നത് നിങ്ങളാണോ അതോ ഒരു അൽഗോരിതമാണോ?



