വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ജേർണലിസം ഡിപ്പാർട്മെൻറ് സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ ശ്രദ്ധേയമായി. ഹിന്ദി, പേർഷ്യൻ, ഫ്രഞ്ച് ഭാഷകളിലെ ഫീച്ചർ ഫിലിം, ഷോർട് ഫിലിം, ഡോക്യുമെന്ററി എന്നിവയാണ് പ്രദർശിപ്പിച്ചത്.
ഇറാനിയൻ സംവിധായകരായ മജീദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ, അബ്ബാസ് കിറോസ്റ്റാമിയുടെ ടു സൊല്യൂഷൻസ് ഫോർ ഒൺ പ്രോബ്ലം എന്നീ സിനിമകൾ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. പ്രശസ്ത ഫ്രഞ്ച് ഡോക്യൂമെന്ററി സംവിധായകൻ ലൂക് ജാക്ക്വാറ്റിന്റെ മാർച്ച് ഓഫ് പെൺകിൻസ് കാഴ്ചക്ക് പുതിയ അർത്ഥവും മാനവും നൽകുന്ന സിനിമ ആയി. അന്റാർട്ടിക്ക ഭൂഖണ്ഡത്തിലെ മഞ്ഞുപുതഞ്ഞ പരിതസ്ഥിതിയിൽ ജീവിക്കുന്ന പെൺകിനുകളുടെ ജീവിതം ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത ഈ ഫ്രഞ്ച് ഡോക്യുമെന്ററി അക്കാഡമി പുരസ്കാരമടക്കം അന്താരാഷ്ട്ര തലത്തിൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. വികാസ് ബഹൽ ഒരുക്കിയ ക്വീൻ ഹിന്ദി സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. 2014 ൽ രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിയ ചലച്ചിത്രമാണ് ക്വീൻ.
‘വിബ്ജിയോർ – 2K18’ ന്റെ ഭാഗമായി രണ്ടാം വർഷ ബിഎ വിദ്യാർത്ഥികൾ തയാറാക്കിയ ഫെസ്റ്റിവൽ ബുക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈതലവി ചീഫ് എഡിറ്റർ മെഷിദക്കു കൈമാറി പ്രകാശനം ചെയ്തു. അഫ്ന, ഫാത്തിമ തസ്നി, സുനീഹാ മഷൂദ് എന്നിവർ ഫെസ്റ്റിവൽ ബുക്ക് നിർമാണത്തിന് നേതൃത്വം നൽകി. രണ്ടാം വർഷ ബിഎ വിദ്യാർത്ഥി റമീസ് ഫെസ്റ്റിവൽ ഡയറക്ടർ ആയി. ജേർണലിസം ഡിപ്പാർട്മെൻറ് തലവൻ കെസി ഫിറോസ്, അമൽ, ആസിഫ് ജമീൽ, സഫ്വാൻ, മുഹമ്മദ് ഷഫീഹ് എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.