റിദ എം പി (4 sem, BA Multimedia)
ഉച്ചകഴിഞ്ഞ് മൂന്ന് മണി. കമ്പ്യൂട്ടർ സ്ക്രീനിലെ ആ ചെറിയ വിൻഡോയിലേക്ക് കണ്ണുംനട്ട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇരിക്കുകയാണ്. സബ്മിറ്റ് ബട്ടൺ അമർത്തുമ്പോൾ മിടിക്കുന്നത് അവരുടെ ഹൃദയം മാത്രമല്ല, ഒരുപക്ഷേ ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളാണ്.
നിമിഷങ്ങൾക്കകം സ്ക്രീനിൽ തെളിയുന്ന അക്കങ്ങൾ ചിലർക്ക് ആഘോഷമാകുമ്പോൾ, മറ്റു ചിലർക്ക് അത് സ്വന്തം മുറിയിലേക്കുള്ള ഒരു ഒളിച്ചോട്ടമാണ്. ഫ്ലക്സ് ബോർഡുകളിലെ ചിരിക്കുന്ന മുഖങ്ങൾക്കും ചാനലുകളിലെ വിജയഗാഥകൾക്കും അപ്പുറം, ഈ റിസൾട്ട് കാലം ബാക്കിയാക്കുന്ന ചില ‘യഥാർത്ഥ’ സമ്മർദ്ദങ്ങളുണ്ട്.
“എന്റെ മകന് ഫുൾ എ പ്ലസാണ്, നിന്റെ മോനോ?” എന്ന അയൽവാസിയുടെ ചോദ്യത്തിൽ തുടങ്ങുന്നു പലപ്പോഴും ഒരു വിദ്യാർത്ഥിയുടെ മാനസിക തകർച്ച. നമ്മുടെ നാട്ടിൽ പരീക്ഷാഫലം എന്നത് വിദ്യാർത്ഥിയുടെ മാത്രം വിഷയമല്ല, അതൊരു ‘കുടുംബ കാര്യമാണ്’. അയൽപക്കത്തെ കുട്ടിയുമായുള്ള താരതമ്യം, ബന്ധുക്കളുടെ ചോദ്യങ്ങൾ, “ഇനി എന്ത്?” എന്ന സമൂഹത്തിന്റെ നോട്ടം… ഇവ സൃഷ്ടിക്കുന്ന സമ്മർദ്ദം ചെറുതല്ല.
പലപ്പോഴും കുട്ടി ഭയക്കുന്നത് തോൽവിയെയല്ല, മറിച്ച് തോറ്റുപോയാൽ നേരിടേണ്ടി വരുന്ന അവഗണനയെയും പരിഹാസത്തെയുമാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയപ്പെടുന്നതിന് പകരം, മറ്റൊരാളുടെ വിജയവുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ അവിടെ നഷ്ടമാകുന്നത് ഒരു വ്യക്തിയുടെ ആത്മവിശ്വാസമാണ്.
കോളേജ് ക്യാമ്പസുകളിലേക്ക് കടന്നുവരുന്ന ഓരോ വിദ്യാർത്ഥിക്കും പറയാനുണ്ടാകും ഒരു ‘സർവൈവൽ സ്റ്റോറി’. ഇഷ്ടമില്ലാത്ത കോഴ്സിന് ചേരേണ്ടി വന്നവർ, ആഗ്രഹിച്ച കോളേജ് കിട്ടാതെ പോയവർ, മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ‘സയൻസ്’ എടുത്തവർ… ഇവരൊക്കെയും റിസൾട്ടിന് ശേഷമുള്ള ദിവസങ്ങളിൽ അനുഭവിച്ച മാനസിക സംഘർഷം വലുതാണ്. പഠനത്തിൽ മിടുക്കരായവർ പോലും, ഒരു ഗ്രേഡ് കുറഞ്ഞുപോയാൽ അനുഭവിക്കുന്ന ഡിപ്രഷൻ ഇന്ന് കൂടിവരികയാണ്. “എനിക്ക് ഒന്നിനും കൊള്ളില്ല” എന്ന ചിന്തയിലേക്ക് അവരെ എത്തിക്കുന്നത് ആ അക്കങ്ങൾ മാത്രമാണോ? അല്ല, ആ അക്കങ്ങളെ മാത്രം വിലമതിക്കുന്ന നമ്മുടെ വ്യവസ്ഥിതിയാണ്.
ഇക്കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് റിസൾട്ട് വരുന്ന ദിവസങ്ങളിൽ കൗൺസിലിംഗ് സെന്ററുകളിലേക്ക് വിളിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ഭയാനകമാം വിധം വർദ്ധിക്കുന്നു എന്നാണ്. ഇവിടെ മാറേണ്ടത് കുട്ടികളല്ല, രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സമൂഹമാണ്. പരീക്ഷകൾ അറിവ് അളക്കാനുള്ള ഉപാധി മാത്രമാണെന്നും, ജീവിതം അളക്കാനുള്ള സ്കെയിൽ അല്ലെന്നും നാം എന്ന് തിരിച്ചറിയും? വിജയമെന്നത് 99% മാർക്ക് മാത്രമല്ല, തളരാതെ മുന്നോട്ട് പോകാനുള്ള മനസ്സ് കൂടിയാണെന്ന് അവരെ പഠിപ്പിക്കേണ്ടതുണ്ട്.
ഓരോ റിസൾട്ട് കാലവും ഓർമ്മിപ്പിക്കുന്നത്, ജയിച്ചവരെ മാത്രമല്ല, വീണുപോയവരെക്കൂടി ചേർത്തുപിടിക്കാനാണ്. മാർക്ക് ലിസ്റ്റിലെ അക്കങ്ങൾക്കപ്പുറം, ഓരോ വിദ്യാർത്ഥിയിലും ഒരു കലാകാരനുണ്ടാകാം, ഒരു സംഘാടകനുണ്ടാകാം, അല്ലെങ്കിൽ നല്ലൊരു മനുഷ്യനുണ്ടാകാം. അടുത്ത തവണ റിസൾട്ട് വരുമ്പോൾ, “എത്ര മാർക്കുണ്ട്?” എന്ന് ചോദിക്കുന്നതിന് പകരം “നീ ഓക്കെയല്ലേ?” എന്ന് ചോദിക്കാൻ നമുക്ക് കഴിയണം. കാരണം, തോൽക്കുന്നത് പരീക്ഷയിലായാലും, ജീവിതത്തിൽ തോൽക്കാതിരിക്കാൻ ആ കരുതൽ മതിയാകും.




