News

മലബാർ ക്യാമ്പസിന്റെ ചരിത്ര പുസ്തകത്തിലേക്ക് നേട്ടങ്ങളുടെ പൊൻതൂവലുകൾ തുന്നിച്ചേർത്ത് ഒരു അധ്യയന വർഷം കൂടി വിടപറയുന്നു…

വേങ്ങര: പുത്തൻ ആശയങ്ങളും അറിവുകളും അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് ഒരു അധ്യയന വർഷംകൂടി പടിയിറങ്ങുന്നു.
നിപയും പ്രളയവും പുൽവാമയും സൃഷ്‌ടിച്ച ആശങ്കകൾ സംസ്ഥാനത്തെയും രാജ്യത്തെയും സംബന്ധിച്ച് ചില ഓർമപ്പെടുത്തലുകളാണ്. ഇത്തരത്തിലുള്ള ആധികൾക്കും ആശങ്കകൾക്കുമിടയിലും നമ്മുടെ ‘മലബാറിന്’ നേട്ടങ്ങളുടെയും പ്രതീക്ഷളുടെയും ഒരുപാട് നല്ല ചിത്രങ്ങളും ഓർമ്മകളും പങ്കുവെക്കാനുണ്ട്.

എൻ എസ് എസ്, ഡബ്ള്യു ഡി സി, ഭൂമിത്രസേന, ഇ ഡി ക്ലബ്, ലിറ്റററി ക്ലബുകളുടെ നേട്ടങ്ങളും യൂണിവേഴ്സിറ്റി സി-സോൺ കലാമേളയിലെ നിറപ്പകിട്ടാർന്ന വിജയങ്ങളുമെല്ലാം മലബാറിന്റെ ചരിത്രത്തിലെ പുതിയ ഏടുകളായി കുറിക്കപ്പെട്ടു. ഒന്നിനൊന്നു മെച്ചപ്പെട്ട പരിപാടികളിലൂടെ എട്ട് ഡിപ്പാർട്മെന്റുകളും ശ്രദ്ധേയമായി.

കെ മാറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കുകളുമായി ബിബിഎ വിദ്യാർത്ഥികൾ ഉപരിപഠനത്തിനുള്ള അർഹത നേടി. ക്യാമ്പസ് അഭിമുഖത്തിലൂടെ ബിസിഎ വിദ്യാർത്ഥികൾ ബഹുരാഷ്ട്ര കമ്പനികളിലെ ജോലികളും നേടിയെടുത്തു. ബഹു: പ്രിൻസിപ്പാൾ ഡോ: യു. സൈതലവി, ധന്യ ബാബു എന്നിവരുടെ നേട്ടങ്ങൾ ക്യാമ്പസിന് ഇരട്ടി മധുരമായി.

കല്യാണ രാവിന്റെ പ്രതീതി സൃഷ്‌ടിച്ച ഓരോ ആഘോഷങ്ങളും മലബാറിന് കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും പുതിയ പാഠങ്ങൾ പകർന്നു നൽകുന്നതായിരുന്നു. ഈ നേട്ടങ്ങൾക്കും ആഘോഷങ്ങൾക്കും ഇടയിൽ സൈക്കോളജി വിഭാഗത്തിലെ അധ്യാപകനായിരുന്ന സജീഷ് സാറിന്റെ വേർപാട് മലബാറിന് നീറുന്ന ഓർമയായി.

ബാല്യം പിന്നിട്ട് കൗമാരത്തിലേക്ക് കടന്ന നമ്മുടെ മലബാറിന് ഇനിയും നേട്ടങ്ങളുടെ ഒരുപാട് പടവുകൾ കയറാനുണ്ട്. പരിമിതികൾ നിരവധി ഉണ്ടെങ്കിലും മാനേജ്മെന്റിന്റെയും പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് നമ്മുടെ എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം.

വിദ്യാഭ്യാസം സാമൂഹ്യ നന്മക്ക് ഉതകുന്നതും വ്യക്തത്വവികാസത്തിൽ ഊന്നിയതും ആവണം എന്ന ബഞ്ചമിൻ എസ് ബ്ലൂമിന്റെ അഭിപ്രായം സാർത്ഥകമാക്കുന്ന പ്രവർത്തനങ്ങളാണ് നമ്മുടെ ക്യാംമ്പസിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നതിൽ നമുക്ക് അഭിമാനിക്കാം. ഉന്നത വിദ്യാഭ്യാസം പരീക്ഷണങ്ങൾക്കും പരിഷ്കരണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മൂല്യാധിഷ്ഠിതവും ജാതി, വർണ, വർഗ വ്യത്യസങ്ങൾക്കതീതമായ വിദ്യാഭ്യാസ പ്രക്രിയ ഉറപ്പ് വരുത്താൻ നമുക്ക് കഴിയണം.

മാർച്ച് വിടപറയലിന്റെ മാസമാണ്. നമ്മുടെ കുടുംബത്തിലെ മൂന്നാം വർഷക്കാരായ വിദ്യാർത്ഥികൾ അനിവാര്യമായ വിടപറയലിനുള്ള ഒരുക്കത്തിലാണ്. എന്നാൽ മലബാർ പിരിഞ്ഞപോയവരുടേതുകൂടി ആണ്. അമ്മയുടെ ലാളിത്യവും സ്‌നേഹവുമായി മലബാർ എന്നും നിങ്ങൾക്ക് സ്വാഗതമരുളും. ഈ സജീവമായ അധ്യയന വർഷം ‘VOX POP’ നും പുതുമ നിറഞ്ഞതായിരുന്നു. മലബാറിന്റെ വർണ്ണകാഴ്ചകളും നേട്ടങ്ങളുടെ വാർത്തകളുമായി ഞങ്ങളും ഒരു വർഷം പിന്നിടുകയാണ്. കുറവുകളും പോരായ്മകളും ഒരുപാടുണ്ട്. എല്ലാവരുടെയും പിന്തുണക്കും സഹകരണങ്ങൾക്കും ആത്മാർഥമായി നന്ദി പറയുന്നു. പുതിയ അധ്യയന വർഷത്തിൽ കൂടുതൽ പുതുമകളോടെ മലബാറിന്റെ കാഴ്ചകൾ ഒപ്പിയെടുക്കാൻ ഞങ്ങൾ ഉണ്ടാവും. എല്ലാവർക്കും ഒരു നല്ല അവധിക്കാലം ആശംസിച്ച്കൊണ്ട് നിർത്തുന്നു.

VOX POP Editorial Team & Dept of Multimedia

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *