ഫാത്തിമ ലിയ.വി (1st Sem BA Multimedia)
വേങ്ങര: മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സൈക്കോളജി വിഭാഗം സംഘടിപ്പിച്ച “മൈൻഡ്സ്പയർ” പരിപാടി വൻ വിജയകരമായി. മാനസികാരോഗ്യ വാരത്തിന്റെ ഭാഗമായി കോളേജിലെ വനിതാ വികസന വിഭാഗവുമായി (ഡബ്ല്യു.ഡി.സി.) ചേർന്ന് നടത്തിയ പരിപാടിയിൽ വിദ്യാർത്ഥിനികളും അദ്ധ്യാപകരും പങ്കാളികളായി.
ഊരകം മലയുടെ മനോഹരമായ പ്രകൃതിയിലേക്ക് നടത്തിയ പ്രകൃതി നടത്തമാണ് (നേച്ചർ വാൾക്) പരിപാടിയുടെ മുഖ്യ ആകർഷണം. രാവിലെ ആരംഭിച്ച നടത്തം മലമുകളിലെ ശാന്തമായ അന്തരീക്ഷത്തിൽ അവസാനിച്ചു. ഈ യാത്രയിൽ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും പ്രകൃതി എങ്ങനെ സഹായിക്കുന്നു എന്ന് പങ്കെടുത്തവർക്ക് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. പരീക്ഷാ സമ്മർദ്ദങ്ങൾക്കിടയിൽ മനസ്സിന് വലിയ ആശ്വാസമാണ് ഈ പരിപാടി നൽകിയത്. പ്രകൃതിയുടെ ശാന്തതയിൽ ഇരുന്ന് ധ്യാനിച്ചത് പുതിയ ഊർജ്ജം നൽകിയെന്ന് പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥിനി അഭിപ്രായപ്പെട്ടു.
കേരളാ സോഷ്യൽ വെൽഫെയർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.എസ്.ഡബ്ല്യു.ഡി.സി.) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാനസികാരോഗ്യ സംബന്ധമായ സംശയങ്ങൾ പരിഹരിക്കുന്നതിനായി 181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പറിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിപാടിയിൽ വിശദീകരിച്ചു.
മാനസികാരോഗ്യത്തിന് പരിസ്ഥിതിയുമായുള്ള ബന്ധം എത്രത്തോളം പ്രധാനമാണെന്ന് ഈ പരിപാടി അടിവരയിട്ടു. വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും പുതിയ ദിശാബോധം നൽകുന്ന ഇത്തരം പരിപാടികൾ ഇനിയും സംഘടിപ്പിക്കുമെന്ന് ഡബ്ലൂ.ഡി.സി കോഡിനേറ്റർ ഹസ്ന ചുള്ളിയിൽ അറിയിച്ചു.




