ഹർഷിദ. കെ. ടി (1st Sem BA multimedia)
വേങ്ങര: ഊരകം മലയാണ് മലപ്പുറം ജില്ലയിലെ വേങ്ങരയും കണ്ണമംഗലവും ഉൾക്കൊള്ളുന്ന മനോഹരമായ ഒരു മലപ്രദേശം.
മലപ്പുറം ടൗണിൽ നിന്ന് 12 കിലോമീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം. ഊരകം, കണ്ണമംഗലം പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല. മലയിലേക്കുള്ള കയറ്റം കഠിനമായതാണെങ്കിലും അതിന്റെ മുകളിൽ എത്തുമ്പോൾ ലഭിക്കുന്ന കാഴ്ചകൾ അതുല്യമാണ്. മലയെ ചുറ്റിപ്പറ്റി മഞ്ഞുമേഘങ്ങൾ നിറഞ്ഞുനിൽക്കുന്നത് കാണുന്നവർക്കൊരു സ്വപ്ന ലോകത്തെ അനുഭവം നൽകും. പുലരിയിലും സായാഹ്നത്തിലും ഈ മലയുടെ ഭംഗി വർണനാതീതമാണ്.
ഊരകം മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രം ഈ പ്രദേശത്തിന്റെ ആത്മീയതയുടെയും വിശ്വാസത്തിന്റെയും പ്രതീകമാണ്. കരിങ്കല്ലുകൊണ്ടാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് ഇന്നും ഏകദേശം 2000 വർഷത്തോളം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നും പറയപ്പെടുന്നു. എല്ലാ വർഷവും തുലാം മാസത്തിലെ തിരുവോണദിനത്തിലാണ് ഇവിടെ ഉത്സവം നടക്കുന്നത്. അതു കൊണ്ടാണ് ഊരകം മല തിരുവോണമല എന്നും അറിയപ്പെടുന്നത്. ഈ ദിവസങ്ങളിൽ നാട്ടുകാരും സഞ്ചാരികളും ഒരുമിച്ചു മലകയറി ദർശനം നടത്താറുണ്ട്.
മലയിലേക്കുള്ള യാത്ര സഞ്ചാരികൾക്ക് ഒരു മനോഹരമായ ട്രെക്കിങ് അനുഭവമാണ്. വഴിയരികിലൂടെ കേൾക്കുന്ന പക്ഷികളുടെ ശബ്ദം, പച്ചപ്പിന്റെ കുളിരും മഞ്ഞിന്റെ തണുപ്പും എല്ലാം മനസിനെ പുതുക്കുന്നു. മലയിലെ വ്യൂപോയിന്റുകളിൽ നിന്ന് മലപ്പുറം നഗരത്തിന്റെ വിദൂര കാഴ്ചയും കരിപ്പൂർ വിമാനത്താവളവും വരെ കാണാനാകും. മേഘങ്ങൾ മലനിരകളിൽ ചുറ്റിനടക്കുന്ന കാഴ്ച കാണുമ്പോൾ മനസിൽ ശാന്തിയും ആനന്ദവും നിറയുന്നു.
എന്നാൽ ഈ മനോഹരമായ പ്രദേശം പരിസ്ഥിതി ഭീഷണികളും നേരിടുന്നു. അനധികൃത കരിങ്കൽ ഖനനങ്ങൾ മലയുടെ സൗന്ദര്യം മങ്ങിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കാൻ നാട്ടുകാരും അധികാരികളും ഒരുമിച്ചുള്ള ശ്രമം അനിവാര്യമാണെന്ന് ഈ മല നമ്മോട് ഓർമ്മപ്പെടുത്തുന്നു. പ്രകൃതിയെയും വിശ്വാസത്തെയും ഒരുപോലെ ആദരിക്കുന്ന ഊരകം മല മലപ്പുറത്തിന്റെ അഭിമാനമാണ്.
മലബാർ കലാപ കാലത്ത് പോരാളികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നത് ഊരകം മലയായിരുന്നു. ഊരകം മലയിൽ ബ്രിട്ടീഷ് ഭരണ കാലത്തു പൂള (കപ്പ) ധാരാളമായി കൃഷി ചെയ്യുകയും കയറ്റി അയക്കുകയും ചെയ്തിരുന്നു.അതുകൊണ്ട് അടുത്തുള്ള കയറ്റുമതി കേന്ദ്രം പൂളാപ്പീസ് എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു. മൂടൽമഞ്ഞിൽ മറഞ്ഞുനിൽക്കുന്ന ഈ മലയുടെ ഉച്ചിയിൽ നിന്നു നോക്കുമ്പോൾ ചുറ്റുമുള്ള പച്ചപ്പും ഗ്രാമങ്ങളുടെ സൗന്ദര്യവും കണ്ണിനെ മായ്ക്കുന്നൊരു അനുഭവമായി തോന്നും. പച്ചപ്പിൽ മൂടിയ പാതകളിലൂടെ കയറിയാൽ പക്ഷികളുടെ മധുരഗാനങ്ങൾ മനസിനെ ശാന്തമാക്കും. പ്രകൃതിയോട് അടുപ്പം പുലർത്താനും ആത്മശാന്തി കണ്ടെത്താനും ഏറ്റവും അനുയോജ്യമായ ഇടമാണ് ഊരകം മല.



