വേങ്ങര:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ എസ് എസ് യൂണിറ്റിന്റെയും വുമൺ ഡവലപ്മെന്റ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ചതുർ ദിന പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്സിന് തുടക്കമായി. ഡയറക്ടർ ഡോ. എ. ബി മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മദ്രസ അധ്യാപർക്ക് ശമ്പളം നൽകാനായി രണ്ടായിരം കോടി രൂപ പൊതു ഖജനാവിൽ നിന്ന് ചിലവഴിക്കുന്നുവെന്ന ആരോപണം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഉദ്ഘാടനത്തിനു ശേഷം വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മദ്രസ അധ്യാപകർക്ക് അവർ അടച്ച തുകക്ക് സമാനമായി ഇപ്പോൾ പരമാവധി ആയിരം രൂപ മാത്രമാണ് പെൻഷൻ നൽകുന്നത്. അതിനേക്കാൾ കൂടുതൽ തുക മറ്റു ക്ഷേമ പെൻഷനുകൾക്കുണ്ടെന്ന കാര്യവും അദ്ദേഹം കണക്കുദ്ധരിച്ചു വിശദീകരിച്ചു.
നാല് ദിവസം നീണ്ടു നിൽക്കുന്ന കോഴ്സിൽ ദാമ്പത്യ ജീവിതം മുന്നൊരുക്കങ്ങൾ,വിവാഹത്തിലെ നിയമ സദാചാര വശങ്ങൾ,ദമ്പതികളുടെ മനസ്സും ശരീരവും, പഠനവും തൊഴിലും,സന്തുഷ്ട കുടുംബ ജീവിതം,ദാമ്പത്യ ആശയ വിനിമയങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് കൗൺസിലിംഗ് കോഴ്സ് നടക്കുന്നത്. അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിയാവുദ്ധീൻ അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സി. അബ്ദുൽ ബാരി , വുമൺ ഡെവലപ്പ്മെന്റ് സെൽ കോഡിനേറ്റർ പി. ജിഷ എന്നിവർ പ്രസംഗിച്ചു.
ഫെബ്രുവരി 18 നു നടക്കുന്ന സമാപന പരിപാടിയിൽ വേങ്ങര ന്യൂനപക്ഷ യുവജന കേന്ദ്രം പ്രിൻസിപ്പാൾ പ്രൊഫ.മമ്മദ്.പി പങ്കെടുക്കും.