കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ എന്നതിന്റെ പൊരുൾ തേടിയിട്ടുണ്ടോ?മകര മാസത്തിലെ മരം കോച്ചുന്ന തണുപ്പിനെ കമ്പിളി ഇല്ലാതെ നേരിൽ കണ്ടു മുട്ടിയിട്ടുണ്ടോ?*
എങ്കിൽ ഇതാ ഒരുപറ്റം വിദ്യാർഥികൾ തണുപ്പിന്റെ ഇരകളെ തേടി സ്നേഹം പുതപ്പിക്കാനായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് വളണ്ടിയര്മാരാണ് ആഴമുള്ള ഉറക്കത്തിലേക്കു വീണ തെരുവോരങ്ങളിൽ ചുരുണ്ടു കൂടിയ മനുഷ്യ ജീ വിതങ്ങൾക്ക് ആശ്വാസമായി പുതിയ തെരുവിന്റെ കഥ രചിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി 11.30 ഓടെയാണ് ഞങ്ങൾ ഈ ചൂടുള്ള യാത്ര തുടങ്ങിയത്. വേങ്ങര , കോട്ടക്കൽ , ചങ്കുവെട്ടി , തിരൂരങ്ങാടി , മമ്പുറം എന്നിവിടങ്ങളിലെ ഇരുട്ടിൽ തപ്പി 2 മണി ആയപ്പോഴേക്കും കരുതി വെച്ച സ്നേഹപ്പുതപ്പ് തീർന്നു…. തെരുവിലെ സ്നേഹാവകാശികൾക്കു മുമ്പിൽ ഞങ്ങൾ നിസ്സഹായരായി മടങ്ങി.
നമ്മൾ കാണാത്ത നമ്മുടെ നഗരവും നാടും കണ്ട ഇരുട്ടിന്റെ ഈ ചുരുണ്ടു കൂടിയ മനുഷ്യ കോലങ്ങൾക്കു ഒരായിരം കഥകൾ ചുരുളഴിക്കാനുണ്ടാകും…
പലരും നല്ല ഉറക്കത്തിലേക്കു പോയതിനാൽ കുറച്ചു പേരോട് വളരെ കുറച്ചു മാത്രമായി സംസാരിച്ചു. നാം തലക്കു ചൂടുള്ളവർ എന്നു പറഞ്ഞു പുറം തള്ളിയവരാണ് ഈ തണുപ്പിൽ മരവിച്ചിരിക്കുന്നത്. കാലിൽ മന്തു രോഗം വന്നു വീട്ടുകാരുടെ വെറുപ്പുള്ള സംസാരം കേൾക്കാൻ കഴിയാതെ വർഷങ്ങൾക്കു മുമ്പ് നാട് വിട്ടിറങ്ങിയ ആളെ കണ്ടപ്പോഴാണ് സഹദ് പറഞ്ഞത്… ഇന്നത്തെ രാത്രി ധന്യമായിരിക്കുന്നു .
ആരുമില്ലാത്തവർക്ക് ദൈവം ഉണ്ടല്ലോ ,അതാണ് ഞങ്ങളൊക്കെ ഇന്ന് ജീവിക്കുന്നത് എന്നായിരുന്നു തങ്ങളെന്ന് സ്വയം പരിചയപ്പെടുത്തിയ ആളുടെ ചൂടുള്ള ഫിലോസഫി..
സ്നേഹപ്പുതപ്പ് മൂടി സ്നേഹച്ചൂട് പകരാൻ പുതപ്പുകൾ തന്ന എല്ലാ എൻ.എസ് .എസ് കുടുംബാംഗങ്ങൾക്കും വേണ്ടി
സി.അബ്ദുൽ ബാരി
സിയാദ്
സഹദ്
ഷാഹിദ്