വേങ്ങര: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പ്രവാസി മലയാളികളാണ് നാട്ടിലേക്ക് തിരിച്ചു വരാൻ തയ്യാറെടുക്കുന്നത്. നോർക്ക റൂട്സിന്റെ ഓൺലൈൻ റെജിസ്ട്രേഷനിൽ ഇതുവരെ ഉള്ള കണക്കു പ്രകാരം അഞ്ച് ലക്ഷതിലധികം മലയാളികളാണ് നാട്ടിലേക്ക് തിരികെ വരാനായി ഒരുങ്ങുന്നത്. വിപുലമായ സജ്ജീകരണങ്ങളാണ് പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്നതിനായി നാടെങ്ങും നടന്നുകൊണ്ടിരിക്കുന്നത്. പ്രദേശവാസികളായ പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് തയ്യാറാണെന്ന് സ്ഥാപന ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ പശ്ചാത്തല സൗകര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരിയുടെ സാനിധ്യത്തിൽ കോളേജിൽ സന്ദർശനം നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്‌ദുൾ ഹഖ്, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് ബേബി ചാലിൽ, പഞ്ചായത്ത് സെക്രട്ടറി ജയലത വി, കണ്ണമംഗലം വില്ലജ് ഓഫീസർ വേലായുധൻ, വൈസ് പ്രസിഡന്റ് സലിം പുള്ളാട്ട്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി മെമ്പർമാർ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ സംഘം കോളേജിലെ സൗകര്യങ്ങൾ വിലയിരുത്തി.
