ഇർഫാന തസ്നി കെ.പി (First Semester, BA Multimedia)
വേങ്ങര: നാക് ആക്രെഡിറ്റേഷന് തയ്യാറെടുക്കുന്ന കോളേജുകൾക്ക് മാർഗദർശൻ പദ്ധതിയുടെ ഭാഗമായി മെന്റർ-മെന്റി തല സെമിനാർ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. നാക് ആക്രെഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് നേടിയ കോളേജുകളുടെ നേതൃത്വത്തിൽ നാകിന്റെ അംഗീകാരത്തിന് വേണ്ടി ശ്രമിക്കുന്ന ഇതര കോളേജുകളെ ഉയർന്ന ഗ്രേഡ് നേടുന്നതിന് പര്യാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അസം യൂണിവേഴ്സിറ്റി പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. കെ. മുഹമ്മദ് ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. നാക് എ പ്ലസ് ഗ്രേഡ് നേടിയ മലബാർ കോളേജിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നസ്ര കോളേജ് തിരൂർക്കാട്, പി.പി.ടി.എം കോളേജ് ചേറൂർ, മങ്കട ഗവണ്മെന്റ് കോളേജ്, കോട്ടക്കൽ ഫാറൂഖ് കോളേജ്, ഗ്രേസ് വാലി കോളേജ് മരവട്ടം തുടങ്ങിയ കോളേജുകളിലെ ഐ.ക്യു.എ.സി കോർഡിനേറ്റർമാർ പങ്കെടുത്തു. കോളേജ് മാനേജർ സി.ടി മുനീർ, മാർഗദർശൻ കോർഡിനേറ്റർ രേഷ്മ എം, ഐ.ക്യു.എ.സി കോർഡിനേറ്റർ ബിശാറ എം, ഷമീം അക്തർ എന്നിവർ സംസാരിച്ചു. രാവിലെ 10 ന് തുടങ്ങിയ പരിപാടിയുടെ രണ്ടാം ഘട്ടത്തിൽ മലബാർ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. യു സൈദലവി വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സെമിനാറിന്റെ ഭാഗമായി വിവിധ കോളേജുകളിൽ നിന്നുള്ള പ്രതിനിധികൾക്ക് സെൽഫ് സ്റ്റഡി റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി. നാക്കിന്റെ ചോദ്യാവലിയിലെ പരിഷ്കരണങ്ങളും പരിപാടിയിൽ ചർച്ചയായി.