റിദ എം പി (3rd Sem BA Multimedia)
വേങ്ങര: മലയാളം ഐച്ഛികവിഷയമായ വിവിധ പരീക്ഷകൾക്കള്ള മികച്ച പഠനസഹായ ഗ്രന്ഥം പുറത്തിറങ്ങി. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മലയാളം വകുപ്പ് അധ്യാപിക ഡോ. ഫബീന ഇ.വി രചിച്ച “മലയാളം ക്യാപ്സ്യൂൾ” എന്ന ഗ്രന്ഥം പുറത്തിറങ്ങി. യുപിഎസ്സി പരീക്ഷകൾ, മലയാളം, എച്ച്.എസ്.ടി , എച്ച്.എസ്.എസ്.ടി, നെറ്റ്/ജെആർഎഫ്, പിഎച്ച്ഡി പ്രവേശനം, കെ-ടെറ്റ്, സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്, സെറ്റ് എന്നിവയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മലയാള ഭാഷയുടെ ഉത്ഭവം മുതൽ സമകാലീന മലയാളസാഹിത്യം വരെ ലളിതവും ആധികാരികവുമായ രീതിയിൽ ഉൾക്കൊള്ളുന്ന വഴികാട്ടിയാണ് പുതിയ ഗ്രന്ഥം.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങലിലാണ് ഡോ. ഫബീന ജനിച്ചു വളർന്നത്. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് ബിരുദവും സെന്റ് ജോസഫ് കോളേജ് ദേവഗിരിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടിയ ഇവർ “നവ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ കേരളീയ പരിസരം” എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഗവേഷണബിരുദവും നേടി.
മലയാള ഗദ്യം വികാസവും പരിണാമവും, പ്രാചീന മലയാളം ആധുനിക പാഠങ്ങൾ, വാക്കും വായനയും, സമഗ്രം മലയാളം, സമകാലീന മലയാളം എന്നിവ ഡോ.ഫബീനയുടെ മറ്റു പ്രധാന കൃതികളാണ്. ഇതിൽ “മലയാള ഭാഷയും സാഹിത്യവും 2” എന്ന ഗ്രന്ഥം മൂന്ന് വർഷ ഡിഗ്രി രണ്ടാം സെമസ്റ്റർ ബിസിഎ കോഴ്സിന്റെ പാഠപുസ്തകമായും കാലിക്കറ്റ് സർവകലാശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.




