News

മലബാർ കോളേജിൽ നാക് പിയർ സംഘം സന്ദർശിച്ചു

ആയിഷ സുഹൈമത് യു.എം

വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാക്ക് പിയർ സംഘത്തിന്റെ സന്ദർശനം അവസാനിച്ചു. രണ്ട് ദിവസങ്ങളിലായി ജൂൺ 20,21 തിയ്യതികളിലാണ് കോളേജിൽ സന്ദർശനം നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ സംഘം കോളേജിൽ എത്തി സന്ദർശനം ആരംഭിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബീഹാറിലെ മുൻ പ്രോ. വൈസ് ചാൻസലർ ഓം പ്രകാശ് റായി ചെയർമാനും, തിരുപ്പതി ശ്രീ പത്മാവതി മഹിളാ വിദ്യാലയത്തിലെ പ്രൊഫസർ ഉഷാറാണി കുറുബ മെമ്പർ കോഡിനേറ്ററും, മഹാരാഷ്ട്രയിലെ പത്മഭൂഷൺ വസന്ത റാവു ദത്താ പാട്ടീൽ മഹാ വിദ്യാലയ പ്രിൻസിപ്പൽ ഡോ.അശോക് ബാബർ മെമ്പറുമായ മൂന്നംഗ സംഘമാണ് കോളേജിൽ സന്ദർശനത്തിനെത്തിയത്. വേങ്ങര എം.എൽ.എയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നാക്ക് പിയർ സംഘത്തെ സ്വീകരിച്ചു. ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ മൻസൂർ കോയ തങ്ങൾ, ഡോ.യു. സൈതലവി, പ്രൊഫ: എം. ബിഷാറ, മാനേജർ സി.ടി മുനീർ, എം.എം കുട്ടിമൗലവി, പി.കെ അലി അക്ബർ, അവയിൽ ഉമ്മർ ഹാജി, പുള്ളാട്ട് കുഞ്ഞാലസ്സൻ ഹാജി, പുല്ലാണി സൈത്, ഐ.ക്യു.എ.സി കോഡിനേറ്റർ രേഷ്മ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

പ്രിൻസിപ്പൽ പ്രസന്റേഷനോടെയായിരുന്നു സന്ദർശനത്തിന്റെ തുടക്കം. പത്തരയോടെ ആദ്യ കൂടിക്കാഴ്ചക്ക് ശേഷം കോളജിലെ വിവിധ പഠന വകുപ്പുകളുടെ പ്രസൻ്റേഷനുകൾ നടത്തി. ശേഷം കോളജ് മാനേജ്മെന്റും നാക് പിയർ ടീമും തമ്മിലുള്ള ലഞ്ച് ഓൺ മീറ്റിങ്ങും നടന്നു. ഉച്ചക്ക് ശേഷം കോളേജിൽ നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥികൾ എന്നിവരുമായി മുഖാമുഖം നടത്തുകയും ചെയ്തു. നാലുമണിയോടെഅധ്യാപകരും അനധ്യാപകരുമായുള്ള കൂടിക്കാഴ്ചയും നടന്നു. തുടർന്ന് കോളേജിലെ വിവിധ വകുപ്പുകൾ, ക്ലബുകൾ എന്നിവ സന്ദർശിക്കുകയും ഫയൽ വെരിഫിക്കേഷൻ നടത്തുകയും ചെയ്തു.

വിവിധ വകുപ്പുകളുടെ ലാബ്, സ്റ്റുഡിയോ, കോളേജിലെ മറ്റു സൗകര്യങ്ങൾ എന്നിവ നേരിട്ട് സന്ദർശനം നടത്തി. വൈകീട്ട് ആറു മണിക്ക് കോളേജിലെ വിവിധ വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കൾച്ചറൽ പ്രോഗ്രാമോടെ ആദ്യ ദിവസത്തെ സന്ദർശനം അവസാനിച്ചു. ചൊവ്വാഴ്ച വിവിധ മീറ്റുകൾക്ക് ശേഷം നാക് സന്ദർശനത്തിന്റെ അവസാന ചടങ്ങായ എക്സിറ്റ് മീറ്റിംഗും നടന്നു. നാക് പിയർ ടീം, കോളേജ് മാനേജ്മെന്റ് ഭാരവാഹികൾ,അധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ അവലോകനം ചെയർമാൻ പ്രൊ. ഒ എം പ്രകാശ് റായ് നിർവഹിക്കുകയും സന്ദർശന റിപ്പോർട്ട്‌ കോളേജ് പ്രിൻസിപ്പൽ എം. ബിഷാറക്ക്‌ ചടങ്ങിൽ വെച്ച് കൈമാറുകയും ചെയ്‌തു. ശേഷം നാക്ക് പിയർ ടീമിനെ യാത്രയാക്കി.

മലബാർ കോളേജിനെ നാക്ക് സന്ദർശനത്തിന് സജ്ജമാക്കി കൊണ്ടാണ്  പ്രിൻസിപ്പൽ ഡോ.യു.സൈതലവി കഴിഞ്ഞ മെയ് 31 ന് സർവീസിൽ നിന്നും വിരമിച്ചത്. കോളേജ് മാനേജർ സി ടി മുനീറിന്റെ നേതൃത്വപരമായ ഇടപെടലും മാനേജ്‍മെന്റിന്റെയും അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനവും കൊണ്ടാണ് ഈ ചുരുങ്ങിയ കാലംകൊണ്ട് കോളേജിന് നാക് അംഗീകാരത്തിന് വേണ്ടി ഒരുങ്ങാൻ സാധിച്ചത്.

2013 ലാണ് വേങ്ങര മലബാർ കോളേജ് പിറവി കൊണ്ടത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മേഖലയെ ശാക്തീകരിക്കാൻ വേണ്ടിയാണ് അന്നത്തെ സർക്കാർ പ്രത്യേക താൽപര്യമെടുത്ത് ക്യാമ്പസ് യാഥാർഥ്യമാക്കിയത്. മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ വേങ്ങര മലബാർ കോളേജ് ആറ് കോഴ്സുകളോടെയായിരുന്നു തുടക്കം കുറിച്ചത്. തൊട്ടടുത്ത വർഷം തന്നെ സ്വാശ്രയ കോഴ്സുകളായ ബി.കോം ട്രാവൽ ആൻഡ് ടൂറിസം, ബി.എ.എസ്.സി സൈക്കോളജി തുടങ്ങിയ കോഴ്സുകളും ആരംഭിച്ചു. 2020 ൽ മറ്റൊരു സ്വാശ്രയ കോഴ്സായ ബി.എ. എക്കണോമിക്സ് കൂടി തുടങ്ങി. ഒമ്പത് വർഷം കൊണ്ട് ഒൻപത് കോഴ്സുകൾ കോളേജിൽ തുടങ്ങാൻ സാധിച്ചു. കലാ കായിക രംഗങ്ങളിൽ കോളേജിന് നിരവധി നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ കാലയളവിൽ സാധിച്ചു. സി സോൺ, ഇന്റർസോൺ ഫെസ്റ്റിവലുകളിലടക്കം നിരവധി അവാർഡുകളാണ് കോളേജിലെ വിദ്യാർത്ഥികൾ നേടിയെടുത്തത്. കൂടാതെ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വിദ്യാർത്ഥികൾ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും അറിയപ്പെട്ട വിവിധ കമ്പനികളിൽ ജോലി നേടുകയും ചെയ്തിട്ടുണ്ട്. കാലിക്കറ്റ്‌ സർവകലാശാലയുടെ മികച്ച എൻ.എസ്.എസ്സ് യൂണിറ്റിനുള്ള അവാർഡും വുമൺ ഡെവലപ്മെന്റ് സെല്ലിന് പ്രത്യേക പരാമർശവും കോളേജിനെ തേടിയെത്തി. മികവുറ്റ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ വേങ്ങര മലബാർ കോളേജിന് നാക്ക് അക്രെഡിറ്റേഷനിൽ ഉന്നത ഗ്രേഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോളേജ് മാനേജ്മെന്റും, അധ്യാപകരും, വിദ്യാർത്ഥികളും.

Akp Junaid
Asst. Professor, Dept. of Multimedia, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *