ഫാത്തിമ റിഫ പി.പി (3rd sem BA Multimedia)
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.സി.സി ആർമി വിംഗും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി 79-ാം സ്വാതന്ത്ര്യ ദിനം വലിയ ആഘോഷങ്ങളോടെയും ദേശസ്നേഹാഭിമാനത്തോടെയും സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മഹത്വം അനുസ്മരിപ്പിക്കുന്ന പരിപാടികൾക്ക് പ്രിൻസിപ്പൽ പ്രൊ.ഡോ.സി. സൈദലവി ദേശീയ പതാക ഉയർത്തി കൊണ്ട് തുടക്കം കുറിച്ചു. തുടർന്ന്, അദ്ദേഹം സ്വാതന്ത്ര്യ ദിനത്തിന്റെ ചരിത്രവും, സന്ദേശവും പകർന്ന് നൽകി.
പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ടി നൗഫൽ, എൻ.സി.സി അസോസിയേറ്റ് ഓഫീസർ ലഫ്. ഡോ. സാബു കെ. രസ്തം, ഉമ്മുഹബീബ എന്നിവർ സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗങ്ങളും ദേശസ്നേഹത്തിന്റെ പ്രാധാന്യവും വിശദീകരിച്ച് പ്രസംഗിച്ചു. ക്യാമ്പസ്സിൽ വെച്ച് എൻ.സി.സി കേഡറ്റുകളുടെ മാർച്ച് പാസ്റ്റ് നടന്നു. ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, ദേശഭക്തിഗാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മാധുര്യം പകർന്നു.
കോളേജ് ക്യാമ്പസ് മുഴുവനും സ്വാതന്ത്ര്യ ദിനത്തിന്റെ ആത്മാവ് നിറഞ്ഞു നിന്നു. മധുര വിതരണത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു. വിവിധ ആഘോഷ പരിപാടികൾ വിദ്യാർത്ഥികൾക്കും സമൂഹത്തിനും ദേശസ്നേഹവും ഐക്യവും വളർത്തിപ്പോരാനുള്ള പ്രചോദനമായി മാറി.




