News

പാഴ് വസ്തുക്കളെ കരവിരുത് കൊണ്ട് അലങ്കാരമാക്കി മിൻഹ ഫാത്തിമ

Reporter: Fathima Suhaila, Ist BA Multimedia

കോട്ടക്കൽ: പാഴ് വസ്തുക്കൾ എന്നും നമുക്കൊരു പൊല്ലാപ്പാണല്ലോ..! പുനരുപയോഗമില്ലാത്ത ഇത്തരം വസ്തുക്കൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ചെറുതല്ല. എന്നാൽ ചങ്കുവെട്ടി പി.എം.എസ്.എ. പി.ടി.എം. എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ്സുകാരി മിൻഹ ഫാത്തിമയുടെ നിഘണ്ടുവിൽ പാഴ്‌ വസ്തു എന്നൊരു പദമില്ല. നമ്മൾ ഉപയോഗമില്ലെന്ന് കരുതി വലിച്ചെറിയുന്ന പലതും മിൻഹയുടെ ‘ഫാക്ടറിയിലെ’ അമൂല്യങ്ങളായ അസംസ്കൃത വസ്തുക്കളാണ്.

പാഴ് വസ്തുക്കളിൽ നിന്നും മനോഹരങ്ങളായ അലങ്കാര രൂപങ്ങൾ ഉണ്ടാക്കി തന്റെ കരവിരുത് കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിക്കുകയാണ് ഈ കൊച്ചു മിടുക്കി.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകൾ, ഉണങ്ങിയ അടക്കത്തോട്, ചകിരി നാര്, വറ്റൽ മുളകിന്റെ തണ്ട്, പ്ലാസ്റ്റിക് ഗ്ലാസ്‌, പേപ്പർ ഗ്ലാസ്, ന്യൂസ്പേപ്പർ തുടങ്ങിയ പാഴ് വസ്തുക്കൾ മിൻഹയുടെ കരസ്പർശ മേൽക്കുന്നതോടെ മനോഹരങ്ങളായ അലങ്കാര വസ്തുക്കളായി രൂപാന്തരം പ്രാപിക്കും. ലോക്ക് ഡൗണിന്റെ വിരസത മറികടക്കുന്നതിന് വേണ്ടി പാഴ് വസ്തുക്കളിൽ വിവിധങ്ങളായ പരീക്ഷണങ്ങൾ നടത്തുകയാണ് ഏഴ് വയസ്സുകാരി മിൻഹ.

കോട്ടക്കൽ സ്വദേശികളായ അടാട്ടിൽ സാജിദ്-ജെസ്‌ല ദമ്പതികളുടെ മകളായ മിൻഹ ഫാത്തിമ നല്ലൊരു ചിത്രകാരി കൂടിയാണ്.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *