Reporter: Fathima Suhaila P, Ist BA Multimedia
വേങ്ങര: കൊറോണ വ്യാപനത്തെ തുടർന്ന് ജനം ലോക്ക് ഡൗണിലായതോടെ ടാക്സി തൊഴിലാളികൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ ബസ്, ടാക്സി തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം പൂർണമായും നിലച്ചു.
വറുതിയുടെ കാലത്ത് പച്ചക്കറി കൃഷി ചെയ്ത് ലോക്ക് ഡൗൺ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുകയാണ് വേങ്ങര സ്വദേശിയായ ടാക്സി ഡ്രൈവർ മുഹമ്മദ്. തന്റെ വീട്ടുമുറ്റത്ത് ഗ്രോ ബാഗുകളിൽ വ്യത്യസ്ത ഇനം പച്ചക്കറികൾ വിളയിച്ചെടുത്താണ് മുഹമ്മദ് തൊഴിലിന്റെ റൂട്ട് മാറ്റിയിരിക്കുന്നത്. പയർ, വെണ്ട, ചീര, തക്കാളി, മുളക്, മത്തൻ, പടവലം തുടങ്ങി വിവിധ തരം പച്ചക്കറികൾ മുഹമ്മദിന്റെ ഗ്രോ ബാഗുകളിൽ വളരുന്നുണ്ട്. വീട്ടാവശ്യത്തിനുള്ളതിന് ശേഷം ബാക്കിവരുന്നത് മാർക്കറ്റിലെത്തിച്ച് വിൽപനയും നടത്തുന്നുണ്ട്. പച്ചക്കറി കൃഷി ലാഭത്തിലായതോടെ ലോക്ക് ഡൗൺ പിൻവലിച്ചാലും ഒഴിവ് സമയങ്ങളിൽ തന്റെ പുതിയ തൊഴിൽ തുടരാനാണ് മുഹമ്മദിന്റെ തീരുമാനം.