Reporter
ABDUL BARI C, Assistant Professor, Department of English
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. യു. സൈതലവിക്ക് കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് IQAC ഏർപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച അധ്യാപകനുള്ള പുരസ്കാരം. ഇ.എം.ഇ.എ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ-വൈസ് ചാൻസലർ ഡോ. പി. മോഹൻ അവാർഡ് കൈമാറി.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ഓമാനൂരിലെ സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന് നിരവധി വിദ്യാർത്ഥികൾക്ക് അധ്യാപകനായും വിവിധ സ്ഥാപനങ്ങളുടെ വളർച്ച ഘട്ടങ്ങളിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി അക്കാദമിക- ഭരണ തന്ത്ര രംഗത്തു തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയ വ്യക്തിത്വമാണ് ഡോ. യു. സൈതലവി. അത് കൊണ്ട് തന്നെയാണ് കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ IQAC ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച അധ്യാപകനുള്ള പുരസ്കാരത്തിന് വേങ്ങര മലബാർ കോളേജ് പ്രിൻസിപ്പൽ കൂടിയായ ഡോ. യു. സൈതലവി സാറിനെ തെരഞ്ഞെടുത്തപ്പോൾ അത് നിരവധി പേർക്ക് ആഹ്ലാദത്തിന്റെയും അംഗീകാരത്തിന്റെയും ധന്യ നിമിഷമായത്.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് , കോഴിക്കോട് ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ സൈതലവി സർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ നിന്ന് യു.ജി.സി ഫെല്ലോഷിപ്പോട് കൂടി അറബിക് ഭാഷ – സാഹിത്യ ഗവേഷണ ബിരുദം കരസ്ഥമാക്കി.
കോഴിക്കോട് ഫാറൂഖ് കോളേജിൽ തുടങ്ങിയ അധ്യാപക ജീവിതം വയനാട് മുട്ടിൽ WMO കോളേജ് വഴി ഇന്ന് മലപ്പുറത്തെ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ എത്തി നിൽക്കുന്നു.
WMO കോളേജിന്റെ വളർച്ചയിൽ ആദ്യ ഘട്ടം മുതൽ തന്നെ പങ്കാളിയാവാൻ സാധിച്ച വ്യക്തിയാണ് ഡോ. യു. സൈതലവി സർ. കുറഞ്ഞ കാലയളവിൽ തന്നെ WMO കോളേജിന് NAAC അക്രഡിറ്റേഷനിൽ A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചതിന് പിന്നിൽ NAAC കോഓഡിനേറ്ററായിരുന്ന സൈതലവി സാറിന്റെ പരിശ്രമത്തിന്റെ കഥ ആ രംഗത്തുള്ളവർക്ക് ഏറെ സുപരിചിതമാണ്.
WMO യോടൊപ്പം വയനാട്ടിൽ വേര് പിടിച്ച് അത്യാവശ്യം വളർച്ചയെത്തി കോളേജ് പ്രിൻസിപ്പൽ തസ്തികയിരിക്കുമ്പോഴാണ് വേങ്ങര മലബാർ കോളേജിലേക്ക് അവസരം തേടിയെത്തുന്നത്. രണ്ടു പതിറ്റാണ്ട് മുമ്പ് ചുരം കയറിപ്പോയ സൈതലവി സാറിനും കുടുംബത്തിനും അത് അക്ഷരാർത്ഥത്തിൽ ഒരു പറിച്ചു നടലായിരുന്നു.
മലപ്പുറത്തെ തറവാട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും കോളേജിന്റെ തറക്കല്ലിടലിന്റെ നൂൽ മുതൽ പുതുതായി പിറന്ന എണ്ണമറ്റ ഫയലുകളുടെ മുകളിലെ ചുവപ്പു നാട വരെ സാറിന്റെ കരങ്ങളിലൂടെ കയറിയിറങ്ങി എന്നതാണ് യാഥാർഥ്യം. വിദ്യാര്ഥിയായിരിക്കുമ്പോൾ ഇ.എം.ഇ.എയുടെ തുടക്കത്തിന് സാക്ഷ്യം വഹിച്ചതും അധ്യാപകനായും പ്രിൻസിപ്പലായും WMO, മലബാർ എന്നീ സ്ഥാപനങ്ങളുടെ തുടക്ക കാലത്തുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായതുമെല്ലാം ഒരു നിമിത്തമായി കണക്കാക്കേണ്ടിയിരിക്കുന്നു. കുറഞ്ഞ കാലം കൊണ്ട് തന്നെ വേങ്ങര മലബാർ കോളേജിനെ നല്ല അടിത്തറയുള്ള സ്ഥാപനമാക്കി പരിവർത്തിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ഏറെ ശ്ലാഘനീയമാണ്. അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപക – അനാധ്യാപരുടെ സേവന – വേതന കാര്യങ്ങൾ, വിദ്യാർഥികളുടെ വിഷയങ്ങൾ, അക്കാദമിക ഭരണ കാര്യങ്ങളിലെല്ലാം സൂക്ഷ്മതയോടെയും വേഗതയോടെയും ഇടപെടലുകൾ നടത്താൻ സാറിന് സാധിച്ചു. ആറ് എയ്ഡഡ് കോഴ്സുകളിലെയും സ്ഥിരാധ്യാപരുടെ നിയമനം, യുജിസി 2 (f) പദവി, വിവിധ സർക്കാർ ധന സഹായങ്ങൾ , അനധ്യാപകരുടെ സ്ഥിര നിയമനം അങ്ങനെ നിരവധി കാര്യങ്ങൾ…
വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഡബ്ള്യു എം ഒ ഇംഗ്ലീഷ് അക്കാദമി മാനേജ്മെന്റ് കമ്മിറ്റി അംഗം, ഓയിസ്ക ഇന്റർനാഷണൽ ഭാരവാഹി, എം എസ്എസ് ഭാരവാഹി തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ സർവകലാശാലകളിൽ പഠന ബോർഡ് ചെയർമാനും അംഗവുമാണ്. കേരള ലഹരി വിരുദ്ധ വേദി ഏർപ്പെടുത്തിയ ഏറ്റവും നല്ല എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അവാർഡ്, ഓയിസ്ക ഇന്റർനാഷണൽ സൗത്ത് ഇന്ത്യ ചാപ്റ്റർ ഏർപ്പെടുത്തിയ ‘ബെസ്‌റ് ചാപ്റ്റർ സെക്രട്ടറി അവാർഡ്’ എന്നിവ നേടിയിട്ടുണ്ട്. സൈതലവി സാറിന്റെ ഇടപെടലിന്റെ സൗന്ദര്യം കൊണ്ട് തന്നെയാണ് ഇപ്പോൾ സാറിനെ തേടിയെത്തിയ പുരസ്കാരം അദ്ദേഹവുമായി ബന്ധപ്പെട്ടവരുടേതു കൂടിയാകുന്നത്. ഈ സന്തോഷത്തിന്റെ നിറവിൽ നമുക്ക് ഉറപ്പിച്ചു പറയാം ഡോ. യു. സൈതലവി സർ വേങ്ങരയിലേക്ക് വയനാട് ചുരമിറങ്ങി വന്ന സൗഭാഗ്യം തന്നെയാണ്.