News

സാഹിത്യത്തിന്റെ സുൽത്താന് മലബാർ കോളേജിന്റെ ഓർമപ്പൂക്കൾ

വേങ്ങര: ഭാഷയുടെ നൈർമല്യവും സൗന്ദര്യവും ആസ്വാദകർക്ക് പകർന്ന് നൽകിയ വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാം ചരമ വാർഷികം വ്യത്യസ്തവും പുതുമയുമാർന്ന പരിപാടികളിലൂടെ സംഘടിപ്പിച്ചു. മലബാർ കോളേജ് മലയാള വിഭാഗവും എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ബഷീർ രചനകളിലെ സ്ഥിരം സാന്നിധ്യമായ മാങ്കോസ്റ്റിൻ, ചാമ്പ മരങ്ങൾ ക്യാമ്പസിൽ നട്ടുപിടിപ്പിച്ചു. വള്ളികളും ചെടികളും മരങ്ങളും വാഴകളും പൂക്കളും കുടപിടിച്ചും മറവിരിച്ചും നിൽക്കുന്ന വലിയപറമ്പായ വൈലാലിലെ മാങ്കോസ്റ്റിൻ മരചുവട്ടിലായിരുന്നു ബഷീറിന്റെ മിക്ക രചനകളും പിറവിയെടുത്തത്. ബഷീർ അനുസ്മരണം അർത്ഥപൂര്ണമാക്കുന്ന പരിപാടിയാണ് ക്യാമ്പസിൽ സംഘടിപ്പിച്ചത്. ജീവിതത്തിൽ തിക്തമായ അനുഭവങ്ങളും വേദനകളും ഏറ്റുവാങ്ങിയപ്പോഴും മനുഷ്യന്റെ നന്മയെ കണ്ടെത്താനാണ് ബഷീർ ശ്രമിച്ചതെന്നും ജാതിയും മതവും വർഗവും മനസ്സുകളിൽ ഭിത്തികൾ ഉയർത്താൻ ശ്രമിച്ചപ്പോൾ ആ ഭിത്തികൾക്കപ്പുറം മനുഷ്യമനസ്സിന്റെ നന്മയെയും സൗന്ദര്യത്തെയും കാണാൻ കഴിഞ്ഞ മഹാനായ സാഹിത്യകാരനാണ് ബഷീർ എന്നും ഉൽഘാടന പ്രസംഗത്തിൽ പ്രിൻസിപ്പാൾ ഡോ യു സൈതലവി അനുസ്‌മരിച്ചു. ചടങ്ങിൽ മാനേജ്‌മന്റ് കമ്മറ്റി അംഗം ആവയിൽ ഉമ്മർ ഹാജി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ ബാരി, മലയാളം വിഭാഗം അദ്ധ്യാപിക ജിഷ പി അധ്യാപകരായ ഷഫീക് കെ പി, മുഹമ്മദ് അലി, ഡോ. രെമിശ്, ഫൈസൽ ടി തുടങ്ങിയവർ സംബന്ധിച്ചു.

Firose KC
Asst. Professor, Dept. of Journalism, Malabar College of Advanced Studies, Vengara

Leave a Reply

Your email address will not be published. Required fields are marked *