വേങ്ങര: യു.ജി.സി നാക്ക് അക്രെഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് സ്വന്തമാക്കി വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. 2013 ൽ ഊരകം നെല്ലിപ്പറമ്പിൽ പ്രവർത്തനം ആരംഭിച്ച കോളേജ് പത്ത് വർഷം തികക്കുന്നതിനു മുമ്പെ അപേക്ഷിച്ച ആദ്യ തവണയിൽ (ഫസ്റ്റ് സൈക്കിൾ) തന്നെ അക്രെഡിറ്റേഷനിൽ 3.27 എന്ന ഉയർന്ന ഗ്രേഡോടെ എ പ്ലസ് നേടിയത് കോളേജിന്റെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ടാണെന്നു മുൻ പ്രിൻസിപ്പൽ ഡോ.യു. സൈതലവി വർത്താ സമ്മേളനത്തിൽ പറഞ്ഞു. പാഠ്യ പദ്ധതി, അദ്ധ്യാപനം, മൂല്യനിർണ്ണയം, ഗവേഷണം, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യം, ഐ.ടി അധിഷ്ഠിത സൗകര്യം, സ്റ്റുഡന്റസ് സപ്പോർട്ട് ആൻഡ് പ്രോഗ്രഷൻ, ഗവേണൻസ്, ലീഡർ ഷിപ്, ഇൻസ്റ്റിറ്റ്യുഷനൽ വാല്യൂസ് ആൻഡ് ബെസ്റ്റ് പ്രാക്ടീസ് എന്നീ വ്യത്യസ്ത മാനദണ്ഡനങ്ങൾ വിലയിരുത്തിയാണ് നാക്ക് അംഗീകാരം നൽകുന്നത്. ആർട്സ് വിഷയങ്ങളിൽ മൾട്ടിമീഡിയ, ഇംഗ്ലീഷ്, ഇക്കണോമിക്സ് സയൻസ് വിഭാഗത്തിൽ ഇലക്ട്രോണിക്സ്, ബി.സി.എ, സൈക്കോളജി കോമേഴ്സ് വിഭാഗത്തിൽ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം ട്രാവൽ ആൻഡ് ടൂറിസം, ബി.ബി.എ എന്നീ കോഴ്സുകളാണ് നിലവിലുള്ളത്. നാക് അക്രെഡിറ്റേഷന്റെ ആദ്യ തവണയിൽ (ഫസ്റ്റ് സൈക്കിൾ) എ പ്ലസ് നേടിയ സംസ്ഥാനത്തെ മൂന്നാമത്തെ കോളേജും , മലപ്പുറം ജില്ലയിൽ ഒന്നാമത്തേതുമാണ് മലബാർ കോളേജ് ഓഫ്അഡ്വാൻസ്ഡ് സ്റ്റഡീസ് . നിലവിൽ സംസ്ഥാനത്ത് 18 സ്ഥാപനങ്ങൾക്കാണ് എ പ്ലസ് ഗ്രേഡുള്ളത്. മലപ്പുറം ജില്ലയിലെ എ പ്ലസ് ഉള്ള മൂന്ന് കോളേജുകളിൽ ഒന്ന് എന്ന നേട്ടം കരസ്ഥമാക്കാൻ മലബാർ കോളേജിന് സാധിച്ചു. 2013 ൽ എയ്ഡഡ് മേഖലയിൽ പ്രവർത്തനമാരംഭിച്ച മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞതും ആദ്യ ഘട്ടത്തിൽ തന്നെ എ പ്ലസ് നേടുന്നതുമായ സംസ്ഥാനത്തെ ഏക ഡിഗ്രി കോളേജാണ്. മികച്ച മീഡിയ സ്റ്റുഡിയോ, കമ്പ്യൂട്ടർ ലാബ്, വോക്സ് പോപ്പ് ഓൺലൈൻ റേഡിയോ, ഓൺലൈൻ വർത്താ പോർട്ടൽ, ഇ കണ്ടന്റ് ഡവലപ്മെന്റ് സെന്റർ, കമ്പ്യൂട്ടർ സയൻസ് ലാബ്, ഇലക്ട്രോണിക്സ് ലാബ്, ഇൻക്യൂബേഷൻ സെന്റർ, സൈക്കോളജി ലാബ് , ഔഷധ ഉദ്യാനം, അക്വാപോണിക്സ് കൃഷി എന്നിവ നാക് സന്ദർശനത്തിൽ പ്രത്യേക പരാമർശം നേടി. കോളേജ് മാനേജർ സി.ടി മുനീർ, മുൻ പ്രിൻസിപ്പൽ ഡോ.യു. സൈതലവി, ഐ.ക്യു.എ.സി കോഡിനേറ്റർ രേഷ്മ, അസിസ്റ്റന്റ് കോഡിനേറ്റർമാരായ അബ്ദുൽ ബാരി, ഷമീം അക്തർ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ കൊണ്ട് കൂടിയാണ് ആദ്യ തവണയിൽ തന്നെ എ പ്ലസ് ഗ്രേഡിലേക്ക് മലബാർ കോളേജിനെ എത്തിച്ചത്.
