ഫാത്തിമ നെസ്‌റി ഒ.പി
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നാക് സന്ദർശനത്തോടനുബന്ധിച്ച് ആദ്യ ദിവസം വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ കോർത്തിണക്കി നടത്തിയ കൾച്ചറൽ പ്രോഗ്രാം ശ്രദ്ധേയമായി. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കൾച്ചറൽ പ്രോഗ്രാം സംഘടിപ്പിച്ചത്. ദിവസങ്ങളായി വിദ്യാർത്ഥികളുടെ നിരന്തരമായിട്ടുള്ള പരിശീലനത്തിന്റെ ഫലമായാണ് തിങ്കളാഴ്ച വൈകുന്നേരം നടന്ന പരിപാടി വലിയ വിജയമായത് . പതിനഞ്ചു തരം കലാരൂപങ്ങളാണ് വിദ്യാർത്ഥികൾ അരങ്ങിൽ എത്തിച്ചത്. ഫ്യൂഷൻ ഇനത്തിലാണ് എല്ലാ കലാരൂപങ്ങളും അവതരിപ്പിച്ചത്.
സന്ദർശനത്തിന് എത്തിയ നാക് പീർ ടീം അംഗങ്ങളായ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബീഹാറിലെ മുൻ പ്രൊ. വൈസ് ചാൻസലർ ഓം പ്രകാശ് റായി, തിരുപ്പതി ശ്രീ പത്മാവതി മഹിളാ വിദ്യാലയത്തിലെ പ്രൊഫസർ ഉഷാറാണി കുറുബ, മഹാരാഷ്ട്രയിലെ പത്മഭൂഷൻ വസന്ത റാവു ദാത്താ പാട്ടീൽ മഹാവിദ്യാലയ പ്രിൻസിപ്പൽ ഡോ. അശോക് ബാബർ എന്നിവരും , കോളേജ് മാനേജർ സി.ടി മുനീർ, മാനേജ്മെന്റ് കമ്മറ്റി ഭാരവാഹികൾ, കോളേജ് പ്രിൻസിപ്പൽ എം. ബിഷാറ, മുൻ പ്രിൻസിപ്പൽ ഡോ. യു സൈതലവി, ഐ.ക്യു.എ.സി കോഡിനേറ്റർ രേഷ്മ, കോളേജിലെ അധ്യാപകർ, അനധ്യാപകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച പരിപാടിയുടെ തുടക്കം ഗിന്നസ് റെക്കോർഡ് ജേതാവും കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ സിനാന്റെ ഗിന്നസ് റെക്കോർഡ് പ്രകടനത്തോടുകൂടിയാണ്. തുടർന്നാണ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ആരംഭിച്ചത്.
രംഗ പൂജ, കഥകളി, തിരുവാതിര, മുറം ഡാൻസ്, ദഫ് മുട്ട്, സെമി ക്ലാസിക്കൽ, സൂഫി ഡാൻസ്, മാർഗം കളി, ദാണ്ഡിയ, ഒപ്പന, ഫോക്ക് ഡാൻസ്, പഞ്ചാബി ഡാൻസ്, കഥക്, ക്ലാസിക്കൽ ഡാൻസ് തുടങ്ങിയ വിവിധ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു നാൽപ്പത്തിയഞ്ച് മിനുട്ട് നീണ്ടുനിന്ന കലാവിരുന്ന്.
സദസ്സിനെ ഇളക്കി മറിച്ച വിദ്യാർത്ഥികളുടെ കലാപ്രകടനം നിറഞ്ഞ കൈയടികളോടെയായിരുന്നു സദസ്സ് ഏറ്റെടുത്തത്. കൾച്ചറൽ പ്രോഗ്രാം കോഡിനേറ്റ് ചെയ്തത് കോളേജിലെ അദ്ധ്യാപകരായിട്ടുള്ള ആദിത്യ കെ. നാരായണൻ, ജുനൈദ് എ.കെ.പി എന്നിവരാണ്.