വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മാനേജ്മെന്റ് പഠന വകുപ്പും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി “അക്കാദമിക ഗവേഷണത്തിന്റെ നൂതന കവാടം” എന്ന വിഷയത്തിൽ ത്രിദിന ദേശീയ വെബിനാർ സംഘടിപ്പിച്ചു.
വെബിനാറിന്റെ ആദ്യ ദിനത്തിൽ “ഗവേഷത്തിന് ഒരു ആമുഖം” എന്ന വിഷയത്തിൽ സിക്കിം മണിപ്പാൽ സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ. കാശിനാഥൻ പ്രബന്ധം അവതരിപ്പിച്ചു. “ഗവേഷണ സാഹിത്യ പുനർ വായന നൂതന സാങ്കേതിക വിദ്യയിലൂടെ” എന്ന വിഷയത്തിൽ രണ്ടാം ദിനവും അദ്ദേഹം ക്ലാസുകൾ കൈകാര്യം ചെയ്തു.
ഗവേഷണ രംഗത്ത് രാജ്യം നേരിടുന്ന വെല്ലുവിളികൾ സെമിനാറിൽ ചർച്ചയായി. ഗവേഷകർക്കിടയിൽ ഒരു സ്വതന്ത്ര കൂട്ടായ്മ രൂപപ്പെടേണ്ടതിന്റെ ആവശ്യകത വെബിനാറിൽ ഉന്നയിക്കപ്പെട്ടു.
വെബിനാറിന്റെ മൂന്നാം ദിനത്തിൽ സംഘടിപ്പിക്കപ്പെട്ട പേപ്പർ പ്രസന്റേഷൻ സെഷനിൽ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, സേവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്-മുംബൈ തുടങ്ങി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള മുപ്പതോളം പേർ ഗവേഷണത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. യു സൈതലവി പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജ്മന്റ് പഠന വകുപ്പ് തലവൻ അബ്ദുറഹിമാൻ കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. വെബിനാർ സീരീസ് കോ-ഓർഡിനേറ്റർ നൗഷാദ് കെ കെ സ്വാഗതം പറഞ്ഞു. ഡോ. ധന്യ ബാബു, യു മുഹമ്മദ് റോഷിഫ് എന്നിവർ സംസാരിച്ചു.