റാനിയ കണ്ണച്ചാംപാട്ടിൽ
വേങ്ങര: ദേശീയ ഹിന്ദി ദിനത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് ആഡ്വാൻസ്ഡ് സ്റ്റഡിസിലെ ഹിന്ദി ഡിപ്പാർട്മെന്റ് ‘ഹിന്ദി ദിവസ് ടോക്ക്’ എന്ന പരിപാടി സംഘടിപ്പിച്ചു.
ദേശീയ തലത്തിൽ ഹിന്ദി ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഹിന്ദി ദിനം ആചരിക്കുന്നത്.
1949 സെപ്തംബർ 14-ന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആയിരിക്കുമെന്ന് ഭരണഘടനാ അസംബ്ലി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിനായി 1953 മുതൽ എല്ലാ വർഷവും സെപ്റ്റംബർ 14 ഇന്ത്യയൊട്ടാകെ ദേശീയ ഹിന്ദി ദിനമായി ആചരിക്കുന്നു.
സംസാരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാമത്തെയും ലോകത്തിൽ മൂന്നാമത്തെയും ഭാഷയാണ് ഹിന്ദി. 35 കോടി ജനങ്ങളുടെ മാതൃഭാഷയായ ഹിന്ദി ഏകദേശം 615 ദശലക്ഷം ആളുകൾ സംസാരിക്കുന്നു.
പരിപാടിയുടെ ഭാഗമായി കോളേജ് തലത്തിൽ ഹിന്ദി ഭാഷയുടെ പ്രചാരം വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ചർച്ച ചെയ്തു. കോളേജിൽ ഹിന്ദി ക്ലബ് രൂപീകരിക്കാനും തീരുമാനിച്ചു.
ഹിന്ദി ഡിപ്പാർട്മെന്റ് എച്.ഒ.ഡി. ഡോ. രമീഷ് എൻ അധ്യക്ഷത വഹിച്ചു.
ജേർണലിസം ഡിപ്പാർട്മെന്റ് എച്.ഒ.ഡി കെ.സി. ഫിറോസ്, കോമേഴ്സ് ഡിപ്പാർട്മെന്റ് അധ്യാപകൻ ഫൈസൽ ടി, മുഹമ്മദ് ഇബ്രാഹിം അർഷദ് എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് മുഹമ്മദ് ഷിഹാദ് ടി, ഫാത്തിമ നൂറ, അസ്ന എന്നിവർ ഹിന്ദി ഗാനങ്ങൾ ആലപിച്ചു.