നൗഫ് ബിൻ നാസർ
വേങ്ങര: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്ഥാപക പ്രിൻസിപ്പൽ ഡോ.യു. സൈതലവി മെയ് 31 ന് സർവീസിൽ നിന്നും വിരമിച്ചു. 2014 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഡോ.യു. സൈതലവിയുടെ അഭാവം കോളേജിന് വലിയ നഷ്ടമാകുമെന്ന് കോളേജ് സ്റ്റാഫ് കൗൺസിൽ റിട്ടയർമെന്റ് പരിപാടിയിൽ അഭിപ്രായപ്പെട്ടു. കോളേജിനെ യു.ജി.സി നാക്ക് വിസിറ്റിംഗിന് സജ്ജമാക്കിക്കൊണ്ടാണ് അദ്ദേഹം സർവ്വീസിൽ നിന്നും വിരമിക്കുന്നത്. എട്ട് വർഷം കൊണ്ട് മലബാർ കോളേജിനെ ഉയർത്തികൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഡോ.യു. സൈതലവി കോളേജിന്റെ മുഖമായി തന്നെ അറിയപ്പെട്ടു. ഫാറൂഖ് കോളേജ്, ആർ.യു.എ കോളേജ്, ചിറ്റൂർ ഗവൺമെന്റ് കോളേജ്, ബ്രണ്ണൻ കോളേജ്, വയനാട് മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. നേരത്തെ മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിൽ പ്രിൻസിപ്പലായിരുന്നു. കാലിക്കറ്റ് സർവകലാശാല അറബിക് ഡിഗ്രി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, മമ്പാട് എം.ഇ.എസ് കോളേജ് അറബിക് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, കാലിക്കറ്റ് സർവകലാശാല ഫാക്കൽറ്റി അംഗം, കാലിക്കറ്റ്, കണ്ണൂർ, എം.ജി സർവകലാശാലകൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കാലിക്കറ്റ് സർവകലാശാല പി.ജി പരീക്ഷ സമിതി ചെയർമാൻ തുടങ്ങി വിവിധ അക്കാദമിക് കമ്മിറ്റികളിലും പ്രവർത്തിച്ചിട്ടുണ്ട്.കേരള പ്രിൻസിപ്പൽസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി, എം.എസ്.എസ് വയനാട് ജില്ലാ പ്രസിഡന്റ്, ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.