ABDUL BARI C (Asst. Professor, Department of English, Malabar College of Advanced Studies, Vengara)
ലോക്ക് ഡൌൺ കഴിഞ്ഞാൽ ആദ്യം ചെയ്യാനുള്ള കാര്യങ്ങളിൽ ഒന്നായിരുന്നു റഹ്‌മാൻ മാഷിന്റെ അന്നിരുപത്തൊന്നിൽ വാങ്ങണം ,വായിക്കണം എന്നത്. ലോക്ക് ഡൌൺ വീണ്ടും നീട്ടിയെങ്കിലും കാത്തിരിപ്പ് നീട്ടി വെക്കാൻ മനസ്സ് സമ്മതിച്ചില്ല. ടി ബി എസിൽ വിളിച്ചു. വന്നാൽ പുസ്തകം കിട്ടുമെന്ന് പറഞ്ഞു. പക്ഷെ, ജില്ല വിട്ടു പോകാൻ വയ്യ. പിന്നെ vpp ഉണ്ടെന്നു പറഞ്ഞു. വളരെ സന്തോഷമായി.ഓർഡർ ചെയ്തു.. രാവിലെ തന്നെ പോസ്റ്റ് മാൻ സുഹൃത്ത് വിളിച്ചു.. ഒരു Vpp ഉണ്ട്… അൽപ സമയത്തിനുള്ളിൽ ഏറെ സന്തോഷത്തോടെ പുസ്തകം വാങ്ങി.. വായിച്ചു.
മലബാർ കലാപത്തെക്കുറിച്ച് നന്നായി അന്വേഷണം നടത്തി വിശകലനം ചെയ്ത് ശ്രദ്ധിച്ച് എഴുതിയ നോവൽ എന്ന് പരിചയപ്പെടുത്തി പറയാം. ‘ചരിത്ര നോവൽ’ എന്ന ലേബലിലുള്ള സൃഷ്ടി ആയതിനാൽ പ്രത്യേകിച്ചും ഏറെയധികം സങ്കീർണ്ണതകളുള്ള പല തരം വ്യാഖ്യാനങ്ങളുള്ള, പേരിൽ വരെ ഭിന്നാഭിപ്രായങ്ങൾ നില നിൽക്കുന്ന അതിലുപരി ഈ വ്യാഖ്യാനങ്ങളെയെല്ലാം സമര്ഥിച്ചുള്ള ധാരാളം പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുള്ള മലബാർ കലാപത്തെക്കുറിച്ച് ഒരു നോവൽ എഴുതുക എന്നത് ഏറെ ശ്രമകരമായ ദൗത്യം തന്നെ.എല്ലാ ഓർമ്മകളും മറവിയോടെ തീരണമെന്നില്ല , ചിലപ്പോൾ അത് കൂടുതൽ ഓർമ്മകളിലേക്ക് നമ്മെ വഴി നടത്തും. കലാപം , ലഹള , സമരം , വിപ്ലവം , പൊട്ടിത്തെറി , ഹാലിളക്കം , യുദ്ധം, പോര് തുടങ്ങി പല നാമങ്ങളാൽ പിൽക്കാലത്തു അറിയപ്പെട്ട മലബാറിലെ ഈ ചരിത്ര സംഭവത്തിന്റെ ഉച്ചിയിലെത്തിയതിന്റെ നൂറാം വാർഷികമാവുകയാണ് 2021 ൽ. തലമുറകൾ തലമുറകൾക്ക് കൈമാറിയ നൂറു വർഷത്തെ ഓർമ്മകളുടെ കൂടി വാർഷികമാണത്. കലാപത്തിന്റെ ചില അധ്യായങ്ങൾ മാത്രം അടർത്തിയെടുത്തോ , നേതാക്കളുടെ ജീവിതം അവലംബിച്ചോ, കലാപത്തെ പശ്ചാത്തലമാക്കിയോ , അല്ലെങ്കിൽ ഒരു പാസിംഗ് റഫറൻസ് മാത്രമായിട്ടോ ഒക്കെ ഇതിനകം ഒരു പാട് സാഹിത്യ കൃതികൾ ഇറങ്ങിയിട്ടുണ്ട്. ഇതിൽ ഏറ്റവും പുതിയതും സംഭവത്തെ കുറെ കൂടി ബ്രഹത്തായി കാണുന്നതുമായ കൃതിയാണ് ഈ വർഷത്തെ പൂർണ്ണ- ഉറൂബ് നോവൽ അവാർഡിനർഹമായ റഹ്‌മാൻ കിടങ്ങയത്തിന്റെ അന്നിരുപത്തൊന്നില്. ഏതെങ്കിലും ഒരു പക്ഷത്തു ചേരുന്നതിനു പകരം നേരത്തെ സൂചിപ്പിച്ച വിവിധങ്ങളായ വായനകളെ ഉൾപ്പെടെത്തുകയാണ് റഹ്‌മാൻ കിടങ്ങയത്തിന്റെ നോവൽ.
ഒന്നാം ലോക യുദ്ധത്തിൽ ബ്രിട്ടീഷുകാരോടൊപ്പം ചേർന്ന് സഖ്യ കക്ഷിക്ക് വേണ്ടി സേവനം ചെയ്ത് യുദ്ധത്തിന് ശേഷം അവഗണിക്കപ്പെട്ട മലബാറിലെ കുറെയധികം വരുന്ന യുവാക്കളുടെ നിരാശയും മാപ്പിള – ഹിന്ദു കീഴാള ഐക്യപ്പെടലും വിവരിച്ചു കൊണ്ടാണ് നോവൽ തുടങ്ങുന്നത്. ഒസ്സാൻ ഹൈദ്രു പട്ടാളം ഹൈദ്രുവായതും ചെത്തുകാരൻ താമി പട്ടാളം താമിയാകുന്നതും അവരുടെ പേരിലെ മാത്രം മാറ്റമല്ല. പുതിയ പേര് കേൾക്കാൻ ആഗ്രഹിക്കുകയും അതിൽ ആവേശം കൊള്ളുകയും ചെയ്യുന്ന ഹൈദ്രു – താമി സമാനതകൾ സമത്വത്തിന്റെ പുതുയ സമവാക്യം തീർക്കുന്നു. അതിലുപരി മലബാർ കലാപ ചരിത്ര-കഥകളിൽ അധികം അടയാളപ്പെടുത്താതെ പോയ ദളിത് പ്രതിനിധാനത്തിന്റെ വിടവ് നികത്തുകയാണ് അന്നിരുപത്തൊന്നില് .ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായെണ്ണി കലാപ ചരിത്രം രചിക്കുന്ന ദേശീയ ചരിത്രകാരന്മാരുടെ കാഴ്ചപ്പാടിൽ നോവൽ നീങ്ങുന്നു. പക്ഷെ അതേ പ്രാധാന്യത്തോടെ ഏറെ വിമർശിക്കപ്പെട്ട ദേശീയ പ്രസ്ഥാനം നോവലിലും വിമർശിക്കപ്പെടുന്നുണ്ട്. മാപ്പിളമാർക്കിടയിൽ അബു താലിബ് എന്നറിയപ്പെട്ടിരുന്ന എം. പി നാരായണ മേനോൻ. അദ്ദേഹത്തിന്റെ ജീവിതത്തിലെന്ന പോലെ നോവലിലും ഏറെ സ്വീകാര്യനായ കഥാപാത്രമാണ്. ചരിത്ര സംഭവത്തെ നേരിട്ട് ജന്മി – കൂടിയാൻ വർഗ സമരമായി അവതരിപ്പിക്കുന്നില്ലെങ്കിലും റഹ്‌മാൻ അതിലേക്കുള്ള സൂചനകൾ നൽകുന്നുണ്ട്. കുടിയന്മാർക്കായി സംഘടന രൂപീകരിക്കുന്നതോടെയാണ് സമരത്തിന് ജനകീയ സ്വഭാവം വന്നത് എന്ന് വായിച്ചെടുക്കാം. മാപ്പിള / ഖിലാഫത് പക്ഷത്ത് ചേർന്ന് കലാപത്തെ ആദർശ വൽക്കരിക്കാനുള്ള ശ്രമങ്ങൾ ഇല്ലെന്നുള്ളതാണ് ഈ കൃതിയുടെ മറ്റൊരു സവിശേഷത. അതേ സമയം ഏറനാട്ടിലെയും വള്ളുവനാട്ടിലെയും മാപ്പിളമാരുടെ സാംസ്‌കാരിക പരിസരം കുറെ കൂടി നീതിയുക്തമായി റഹ്‌മാൻ അവതരിപ്പിക്കുന്നു. പാട്ടും ബൈത്തും സിയാറത്തും ഏലസ്സും സൈദാക്കന്മാരും നേർച്ചയുമെല്ലാം പലപ്പോഴും കഥയിലും കാണാം. നിസ്സഹകരണവും, ഖിലാഫത്തും വിട്ട് ചെറു സംഘങ്ങളായി മുസ്ലിം ഹിന്ദു ഐക്യത്തിന് കോട്ടം വരുത്തുന്ന ‘ലഹളക്കാരെ’ റഹ്‌മാൻ പല അധ്യായങ്ങളിലായി കാണിക്കുന്നു.
മുഖ്യധാര ചരിത്ര രചനയിൽ അദൃശ്യമാക്കപ്പെട്ടവരാണ് മലബാർ കലാപ കാലത്തെ സ്ത്രീകളും കുട്ടികളും. വളരെ കുറച്ചു പഠനങ്ങളും അന്വേഷണങ്ങളും ഈ വിഷയത്തിൽ പൊതുവെ നടന്നിട്ടുമുള്ളൂ. ഇതിനർത്ഥം അക്കാലത്തു സ്ത്രീകൾ ഇല്ല എന്നോ അവർ ഈ ചരിത്ര സംഭവത്തോട് പുറം തിരിഞ്ഞ് നിന്നു എന്നോ അല്ല. ഒരു വാക്യത്തിലോ വാചകത്തിലോ മാത്രം ഒതുങ്ങിപ്പോയ/ ഒളിഞ്ഞു കിടക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും റഹ്‌മാൻ കിടങ്ങയം ജീവൻ നൽകി കഥാപാത്രങ്ങളായി വികസിപ്പിച്ചെടുക്കുന്നത് ഏറെ ശ്ലാഘനീയമാണ്. പൂക്കോട്ടൂർ യുദ്ധത്തിൽ പങ്കെടുക്കുന്ന കുഞ്ഞാമിയും വാരിയന്കുന്നത്തിന്റെ ഭാര്യ മാളുവും എപ്പിക്കാടിലെ പൂർണ്ണ ഗർഭിണിയായ ബീവിയും എടുത്തു പറയേണ്ട സ്ത്രീ പ്രതിനിധാനങ്ങളാണ്. തന്റെ മുന്നിൽ വെച്ചു ഭർത്താവും കുടുംബവും നഷ്ടപ്പെട്ട ബീവി മകളുടെ മൃത ശരീരം ഒറ്റക്ക് മറവു ചെയ്യുന്നു. കലാപ കാലത്തു മലപ്പുറം മേൽമുറി അധികാരത്തൊടിയിൽ പട്ടാളം, പ്രദേശത്തെ പുരുഷന്മാരെയും ഒരു പെൺകുട്ടിയെയും കൊന്നൊടുക്കിയ അതി ദാരുണ സംഭവത്തെയും അവിടെ സമയത്തിനൊത്ത് ഉയർന്നു വന്ന സ്ത്രീകളെയും കുറിച്ചു അടുത്ത കാലത്താണല്ലോ കലാപം നടന്ന ദേശത്തും പുറം ദേശങ്ങളിലും അറിയപ്പെടുന്നത്. അത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്നതിലേക്കുള്ള എഴുത്തുകാരന്റെ വിരൽ ചൂണ്ടലായി മേൽ സംഭവത്തെ കാണാം. ഇന്ദുലേഖ വായിച്ചു കൊണ്ടിരിക്കുന്ന പൂഴിക്കൽ തറവാട്ടിലെ ഊലിക്കുട്ടി, തൊട്ടുകൂടായ്മ നിലനിൽക്കുമ്പോഴും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ വീട്ടിൽ ഭർത്താവിനൊപ്പം സന്ദർശിക്കുന്ന എം. പി നാരായണ മേനോന്റെ ഭാര്യ, എന്നും പുറം ലോക കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന കുഞ്ഞിക്കാരിയുടെ ഭാര്യ പഞ്ചമി , ഒന്നാം ലോക യുദ്ധത്തിലും മലബാർ കലാപത്തിലും പങ്കെടുത്ത തന്റെ ഭർത്താവിന്‍റെ കൂടെ നിൽക്കുന്ന ഹൈദ്രുവിന്‍റെ ഭാര്യ , ചേറൂർ കലാപത്തിന്റെ ഖിസ്സ മകന് പറഞ്ഞു കൊടുക്കുന്ന ലവക്കുട്ടിയുടെ ഉമ്മ , മടിയിൽ ഖുർആൻ വെച്ചു മധുരമായ ശബ്ദത്തിൽ ഓതുന്ന കദീസുമ്മ , യുദ്ധത്തിന് പോകുന്നവർക്കായി മൗലീദും ബൈത്തും ചൊല്ലുന്ന പൂക്കോട്ടൂരിലെ സ്ത്രീകൾ, വെള്ളക്കാരോട് ഏറ്റുമുട്ടാൻ പോയ ആണുങ്ങളില്ലാത്ത വീട്ടിലെ പേക്കിനാവ് കണ്ടു കഴിയുന്ന പെണ്ണുങ്ങൾ ഇവരെല്ലാം ആ കാലഘട്ടത്തിലെ പെൺ ജീവിതത്തെയും പെണ്ണിടങ്ങളെയെയും പ്രതിനിധീകരിക്കുന്നു. ഇതിനു പുറമെ, തൊള്ളായിരുപത്തൊന്നില് ജീവിച്ച പെണ്ണുങ്ങൾക്ക് മുന്നിൽ ധീര വനിതകളായി, ജാതി- ലിംഗ അപമാനത്തിനെതിരെ മുലയരിഞ്ഞു കൊടുത്ത നങ്ങേലി , ചേറൂരിലെ ആയിഷയായി മാറിയ ചക്കി എന്നിവരും ഖിസ്സകളിലൂടെ നോവലിൽ വരുന്നു.
ചരിത്രവും കഥകളും ഓർമ്മകളും ഇഴ ചേർന്ന് കിടക്കുന്നതാണ് റഹ്‌മാൻ കിടങ്ങയത്തിന്റെ ആഖ്യാനം. കാലാപാനന്തരം എഴുതപ്പെട്ട വിവിധ വ്യാഖ്യാനങ്ങളിലുള്ള ചരിത്ര ഗ്രന്ഥങ്ങൾ വായിച്ചതിന്റെ സ്വാധീനം നോവലിലെ സംഭവ വിവരണങ്ങളിൽ പ്രകടമാണ്. അനുഭവത്തിന്റെ വെളിച്ചത്തിൽ മാധവൻ നായർ പറഞ്ഞു വെച്ച കലാപ ചരിത്രം പല സംഭവ വിവരണങ്ങളിലും കാണാം. കലാപം നടന്ന ഗ്രാമങ്ങളിൽ പോയി ‘ചരിത്രം അരിച്ചു പെറുക്കി ‘ തയ്യാറാക്കിയ എ. കെ കോഡൂരിന്റെ ആംഗ്ലോ – മാപ്പിള യുദ്ധം എന്ന പുസ്തകത്തിന്റെ സ്വാധീനം നോവലിസ്റ്റ് ആമുഖത്തിൽ സൂചിപ്പിക്കുന്നു. എ. കെ. കോഡൂരിന്റെ ആ പുസ്തകമില്ലായിരുന്നെങ്കിൽ ഈ നോവൽ പിറക്കില്ലായിരുന്നു എന്നു പറയുകയും നോവൽ എഴുതാൻ തുടങ്ങിയ കാലം ഒരു കെട്ട് പുസ്തകങ്ങളുമായി വന്ന സുഹൃത്ത് ബഷീറിനെ റഹ്മാൻ കിടങ്ങയം ആമുഖത്തിൽ ഓർക്കുകയും ചെയ്യുന്നു. ചരിത്ര ഗ്രന്ഥങ്ങളായി ഗണിക്കുന്ന പുസ്തകങ്ങൾക്കൊപ്പം ഈ നോവലിനെ വെച്ചു വായിക്കുമ്പോൾ, സംഭവങ്ങളെ ഒഴിവാക്കുന്നതിലേറെ ഉൾക്കൊള്ളിക്കാനാണ് റഹ്മാന്റെ ശ്രമം എന്നു മനസ്സിലാക്കാം. ചരിത്രവും ആധുനിക വിദ്യാഭ്യാസവും രുചിക്കാത്ത ഒരു വിഭാഗത്തിന്റെ ചരിത്രം ലോഗനെപ്പോലെയുള്ളവർ പദ്ധതിയിട്ട് രചിക്കാൻ തുടങ്ങിയപ്പോൾ ഒതുങ്ങിക്കിട്ടാത്ത മാപ്പിളമാരുടെ സങ്കീർണ്ണത നോവലിസ്റ്റും അനുഭവിച്ചിരിക്കണം. സംഭവത്തിനെ ഫാക്റ്റ് ൽ നിന്ന് ഫിക്ഷൻ ആക്കി മാറ്റം വരുത്തുമ്പോൾ ആ സങ്കീർണ്ണത കൂടാനേ വകയുള്ളൂ. അതിനാലാണ് ഇത്ര ശതമാനം ചരിത്രമെന്നും ഇത്ര ശതമാനം കഥയെന്നുമായി വർഗ്ഗീകരിക്കാൻ സാധിക്കാത്ത വിധം പരസ്പരം ഇഴ ചേർന്ന് കിടക്കുന്നത്. ചരിത്ര പുസ്തങ്ങളിൽ ഒളിഞ്ഞു കിടന്നിരുന്നവർ കഥയിൽ വോയ്‌സ് ഉള്ളവരായി ‘തല ഉയർത്തുന്നത്’ കാണാം. ചരിത്ര സംഭവത്തിന്റെ ആദർശവൽക്കരണം കാരണം പലർക്കും സംഭവിച്ചിട്ടുള്ള അതിശയോക്തികളും അതി വർണ്ണനകളും അന്നിരുപത്തൊന്നില് താരതമ്യേന കുറവാണ്. ആഖ്യാനത്തിന്റെ കണ്ണി മുറിയാതിരിക്കാനെന്ന പോലെ ചിലയിടങ്ങളിൽ റഹ്മാൻ ചരിത്ര പുസ്തകങ്ങളിൽ നിന്ന് പുറത്തു ചാടി പുതിയ കഥാ പത്രങ്ങളെ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ അത്തരം കഥാ പാത്രങ്ങൾ മലബാർ ദേശത്തിന് പുറത്തോ മലബാർ കലാപത്തിന് പുറത്തോ ഉള്ളവരല്ല. കുഞ്ഞിക്കാരിയും കോമുട്ടി എന്ന മാപ്ലക്കുട്ടിയും മാളുവിന്റെ അയൽവാസി കതീസുമ്മയും വാരിയന്കുന്നത്തിന്റെ കുടുംബ ചരിത്രം പറയുന്ന കതീസുമ്മയുടെ ഭർത്താവ് കുഞ്ഞവുളയും ഈ ഗണത്തിൽ പെടുന്നവരാണ്.
വാറോലകൾ, കത്തുകൾ , വിളംബരങ്ങൾ , ഖിസ്സകൾ , പടപ്പാട്ടുകൾ , പ്രസംഗങ്ങൾ , സ്റ്റഡി ക്ലാസ്സുകൾ, ഓർമ്മകൾ , ചരിത്രങ്ങൾ , പ്രണയ സംഭാഷണങ്ങൾ, മൈ ഗുരുഡ് ഭാഷ, ഉദ്യോഗസ്ഥ വ്യവഹാരത്തിലെ മലയാള – ഇംഗ്ലീഷ് ട്രാൻസ്‌ലേഷൻ എന്നിവയുടെയെല്ലാം സാധ്യതകൾ കൂടിയും കുറഞ്ഞും നോവലിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം സൂക്ഷ്മമായ ഉപയോഗം തന്നെയാവണം വായനക്കാരെ ഫാക്ട് – ഫിക്ഷൻ എന്ന ദ്വന്ദ്വത്തിന്റെ ഉള്ളിൽ ചുറ്റിത്തിരിയിക്കുന്നത്. അറിവധികാരം ഉള്ളവർ അറിവ് പകർന്ന് കൊടുക്കാനാണ് സ്റ്റഡി ക്ലാസ്സുകളും പ്രസംഗങ്ങളും ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഈ മാധ്യമങ്ങളിലൂടെ അറിവിന്റെ പുതിയ ലോകത്തെത്തുന്നവർ ആവേശം കൊള്ളുന്നു. പലപ്പോഴും വൈകാരികമായി അവരെ അത് സ്വാധീനിക്കുന്നു. ഖിസ്സകളും പടപ്പാട്ടുകളും ധൈര്യം സംഭരിക്കാനുള്ള ഉപാധികളാണ്. രക്തസാക്ഷികളായ മാപ്പിളമാരുടെ ശരീരത്തിൽ നിന്ന് പാട്ടുകളുടെ വരികളെഴുതിയത് കലാപ കാലത്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. മാപ്ലക്കുട്ടി കുഞ്ഞിക്കാരിക്ക് പുറം ലോകത്തെ വിശേഷങ്ങൾ പറഞ്ഞു കൊടുക്കുന്നതും അത് കുഞ്ഞിക്കാരി പഞ്ചമിക്ക് വലിയ അറിവായി പകർന്നു കൊടുക്കുന്നതും കാണാം. താഴ്ന്ന ജാതിയിൽ പെട്ടവരുടെ വിമോചനത്തിൽ മലബാറിൽ മാപ്പിളമാർക്കുള്ള പങ്ക് കൂടി ഇത് വ്യക്തമാക്കുന്നു. ജാതി ഭ്രഷട് ഇല്ലാത്ത സ്വാതന്ത്രത്തിന്റെയും സമത്വത്തിന്റെയും ഇടമായിരുന്നു മാപ്പിളമാരിലൂടെ കീഴ്ജാതിയിൽ പെട്ടവർ നേടിയെടുത്തത്. പ്രത്യുപകാരമെന്നോണം മാപ്പിളമാർ തുടങ്ങിയ കലാപത്തിൽ അവർ ഒരുമിച്ച് നിൽക്കുന്നു. മലബാർ കലാപത്തെ വർഗ്ഗീയമാക്കുന്നതിൽ നിന്ന് വലിയൊരളവിൽ മാറ്റി നിർത്താൻ ഈ കൊടുക്കൽ വാങ്ങൽ ഏറെ സഹായകമായിട്ടുണ്ട്. ഖിസ്സ പറച്ചിലാണ് റഹ്‌മാൻ കിടങ്ങയത്തിന്റെ ആഖ്യാനത്തെ ചരിത്രം – കഥ തമ്മിലുള്ള രേഖ മായ്ച്ചു കളഞ്ഞ് മികച്ചതാക്കുന്നത്. പല ദേശങ്ങളിലായി ആശയ വിനിമയ മാധ്യമങ്ങൾ വളരെ വിരളമായ ഒരു കാലഘട്ടത്തിൽ ഒറ്റപ്പെട്ടും കണ്ണിയായും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ആഖ്യാതാവ് പുറത്തിരുന്ന് കഥ പറയുകയാണെങ്കിലും കഥക്കുള്ളിൽ വരുന്ന കഥകളായ ഖിസ്സകളിൽ, അത് പറയുന്ന കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്നതായി നിരീക്ഷിക്കാം.
മലബാർ കലാപത്തിന്റെ ഓർമ്മയുടെ നൂറാം വാർഷികത്തിൽ ഇറങ്ങിയ അന്നിരുപത്തൊന്നില് ൽ ഓർമ്മകൾക്ക് ഏറെ പ്രസക്തിയുണ്ട്. തന്റെ വല്ലിമ്മയുടെ ലഹളക്കാലത്തെ സംഘർഷങ്ങളുടെ ഓർമ്മകൾ എഴുത്തുകാരന്റെ കൗതുകത്തെ ഉദ്ധീപിപ്പിച്ചിരുന്നതായി അദ്ദേഹം ആമുഖത്തിൽ ഓർക്കുന്നുണ്ട്. കലാപത്തിന്റെ നൂറാം വാർഷികത്തിൽ തന്റെ അമ്പതുകളിൽ റഹ്മാൻ പറയുന്ന ഈ കഥക്ക് കഥാകാരന്റെ വല്ലിമ്മയുടെ അനുഭവത്തിന്റെ പ്രായമുണ്ട്. കലാപത്തോളം പ്രായമുള്ള ആ അനുഭവിച്ച ഓർമ്മകൾക്ക് പിൽക്കാലത്തു നോവലെഴുതാൻ വായിക്കുന്ന ചരിത്ര പുസ്തകത്തിന്റെ അത്രയോ അതിലേറെയോ പ്രാധാന്യം ഉണ്ട്. നോവലെഴുത്തിനു മുൻപേ/ ആ ചരിത്ര പുസ്തക വായനക്ക് മുൻപേ ഇതേ വിഷയത്തിൽ റഹ്‌മാൻ കിടങ്ങയം എഴുതിയിട്ടുണ്ട് എന്നതും പ്രസക്തമാണ്. ഓർമ്മകളെ കഴിഞ്ഞ കാലത്തിന്റെ സെമിയോട്ടിക്ക് റപ്രസെന്റഷന് എന്നതിലുപരി വ്യക്തിയിലും സമൂഹത്തിലും ഉൾക്കൊണ്ടിട്ടുള്ളതും വ്യവഹരിക്കപ്പെടുന്നതും വർത്തമാന കാലത്തിലും ഭാവിയിലും സാന്നിധ്യമുള്ളതുമായ ഒന്നായിട്ടാണ് നരവംശ ശാസ്ത്രജ്ഞർ കാണുന്നത്. ഇവിടെ ഓർമ്മകളെ മറന്നതിനെ ഓർക്കുക എന്നതിൽ നിന്നും കുറേ കൂടി ഗൗരവുള്ള പ്രവർത്തിയായി കാണുന്നു. ആ അർത്ഥത്തിൽ, നൂറാം വാർഷിക -ഓർമ്മകൾ പുതുക്കിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്തും ഇന്ത്യൻ മുസ്ലിംകളുടെ ‘എണ്ണപ്പെട്ട’ (1921, 1969, 1992, 2002 etc) ചരിത്ര ഘട്ടങ്ങളിൽ1921 ന് ഉള്ള സ്വാധീനം വരും കാലങ്ങളിലും പ്രസക്തമാണ് എന്നത് കൊണ്ടും ഈ കൃതിയുടെ/യിലെ ഓർമ്മകൾ ഏറെ പ്രാധാന്യമുള്ളത് തന്നെയാണ്. അങ്ങനെ വരുമ്പോൾ ഈ സൃഷ്ടി ഫാക്ട് / ഫിക്ഷൻ , ചരിത്രം / കെട്ടുകഥ എന്ന ദ്വന്ദ്വത്തിലപ്പുറം ഓർമ്മകളുടെ ചരിത്രമായും ചരിത്രത്തിന്റെ ഓർമ്മകളായും വർത്തിക്കുന്നു.