മുബഷിറ. എം
3rd സെമസ്റ്റർ ബി.എ മൾട്ടീമീഡിയ
വേങ്ങര: ലോക മുള ദിനാചരണത്തോടനുബന്ധിച്ച് വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഭൂമിത്രസേന അംഗങ്ങൾ തിരൂരിലെ നൂർ ലെയ്ക് സന്ദർശിച്ചു.
വേൾഡ് ബാമ്പൂ ഓർഗനൈസേഷൻ ആണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്.
പ്രകൃതി സ്നേഹിയായ നൂർ മുഹമ്മദ് 2000- ൽ സ്വന്തം പേരിൽ പ്രവർത്തനമാരംഭിച്ചതാണ് നൂർ ലെയ്ക്.
മുള സംരക്ഷണത്തെക്കുറിച്ച് പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, മുളയുടെ വിപണന സാധ്യതകളെ അഭിവൃദ്ധിപെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും സെപ്റ്റംബർ 18-ന് ലോക മുളദിനമായി ആചരിക്കുന്നത്.
മലപ്പുറം ജില്ലയിലെ തിരൂരിലാണ് നൂർ ലെയ്ക് സ്ഥിതിചെയ്യുന്നത്. തിരൂർ പുഴയോട് ചേർന്ന് 15 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഈ മുളങ്കാട് തിരൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. പ്രകൃതി ഭംഗികൊണ്ട് ആകർഷണീയമായ ഈ പ്രദേശത്ത് അൻപതിൽ പരം വ്യത്യസ്ത മുളയിനങ്ങൾ ഉണ്ട്.
ഇവിടെ നട്ട് പിടിപ്പിച്ച കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള ബോട്ട് യാത്രയും സഞ്ചാരികൾക്ക് നല്ല ഒരു വിനോദോപാധിയാണ്.
നൂർ ലെയ്കിലെ മീൻ വളർത്ത് കേന്ദ്രം മറ്റൊരു പ്രധാന ആകർഷണമാണ്.
ലെയ്ക് സന്ദർശനത്തിന്റെ ഭാഗമായി വിവിധ തരം മുളകൾ, അവയുടെ ഉപയോഗം എന്നിവയെക്കുറിച്ച് നൂർ മുഹമ്മദ് വിദ്യാർഥികളുമായി സംവദിച്ചു. 54 പേർ പങ്കെടുത്ത യാത്രക്ക് ഭൂമിത്രസേനയുടെ കോർഡിനേറ്റർ റാഷിദ ഫർസത്ത്, ജിഷ പി എന്നിവർ നേതൃത്വം നൽകി.