വേങ്ങര: വിരൽ തുമ്പിൽ പേന കറക്കി ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് വേങ്ങര സ്വദേശിയായ മുഹമ്മദ് സിനാൻ. നൗഷാദ് അലി ലൈലാബി ദമ്പതികളുടെ മകനായ സിനാൻ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മൂന്നാം വർഷ ബി. സി.എ വിദ്യാർത്ഥിയാണ്. ഒരു മിനിറ്റിൽ 108 തവണ വിരൽത്തുമ്പിൽ പേന കറക്കിയാണ് സിനാൻ ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത്. കാനഡയിൽ നിന്നുള്ള അലേഷ്യ അമോട്ടോയുടെ പേരിലുളള റെക്കോർഡാണ് സിനാൻ പഴങ്കഥയാക്കിയത്. നേരത്തെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ സിനാൻ നിരന്തര പരിശീലനത്തിലൂടെ ലോക റെക്കോർഡും കരസ്ഥമാക്കുകയായിരുന്നു. മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ച് സഹപാഠികളുടെയും അധ്യാപകരുടെയും ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളുടെയും സാനിധ്യത്തിലാണ് ഗിന്നസ് റെക്കോർഡിന് അപേക്ഷിക്കാനുള്ള വീഡിയോ നിർമിച്ചത്.
ഗിന്നസ് റെക്കോർഡ് നേടിയ സിനാനെ കോളേജ് മാനേജ്മെന്റ്, പ്രിൻസിപ്പാൾ, സ്റ്റാഫംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ അനുമോദിച്ചു.