നർവാന (ഹരിയാന): ഏഴാമത് അമേച്ചർ 9 എ സൈഡ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ ആതിഥേയരായ ഹരിയാനയെ ടൈബ്രേക്കറിൽ 4-3 നു കീഴടക്കി കേരളം ചാമ്പ്യന്മാരായി. മത്സരത്തിൽ 1-0 നു മുന്നിലായിരുന്ന കേരളത്തിന് മത്സരത്തിന്റെ അവസാന നിമിഷത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തെ തുടർന്ന് ഉടലെടുത്ത പെനാൽറ്റിയിലൂടെ സമനില വഴങ്ങേണ്ടി വന്നിരുന്നു. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ ആയതിനാൽ മത്സരം ടൈബ്രേക്കറിലേക്കു കടന്നു. റഫറിയും സംഘാടകരും എതിർ ടീമും ഒന്നിച്ചു പൊരുതിയിട്ടും കാൽപ്പന്തു കളിയിലെ താരരാജാക്കന്മാരായ മലയാളിക്കൂട്ടത്തെ കീഴ്പ്പെടുത്താൻ ഹരിയാനക്ക് കഴിഞ്ഞില്ല. വർധിച്ച പോരാട്ടവീര്യത്തോടെ ബാറിന് മുന്നിൽ നിലയുറപ്പിച്ച കേരള ടീമിന്റെ ഗോളി രണ്ട് കിക്കുകൾ തടഞ്ഞിട്ടു മത്സത്തിലെ ഹീറോ ആയി.
ടൂർണമെന്റിൽ കേരളത്തിന്റെ പ്രതിരോധം കാത്തുസൂക്ഷിച്ച മുഹമ്മദ് ആഷിഖ് മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം വർഷ ബിഎ മൾട്ടിമീഡിയ വിദ്യാർത്ഥിയാണ്. ഫൈനലിലെ ടൈംബ്രേക്കറിൽ എതിരാളികളുടെ വല കുലുക്കിയതിനു പുറമെ എതിർ മുന്നേറ്റ നിരയെ ഫലപ്രദമായി പ്രതിരോധിച്ചും ആഷിഖ് മികച്ച പ്രകടനം കാഴ്ചവെച്ചു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മധ്യ പ്രദേശിനെ 8-0 നു തകർത്ത കേരളത്തിന് രണ്ടാമത്തെ കളിയിൽ ആതിഥേയരായ ഹരിയാനയോട് ഗോൾ രഹിത സമനില പാലിക്കേണ്ടി വന്നു. തുടർന്ന് ക്വാർട്ടറിൽ ഉത്തർ പ്രദേശിനെ 2-1 നും സെമിയിൽ കരുത്തരായ ഡൽഹിയെ 3-1 നും പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ യുവ നിര ഫൈനലിലെത്തിയത്.
മുഹമ്മദ് ആഷിഖ് ഉൾപ്പെടുന്ന ചാമ്പ്യൻമാരായ കേരള ടീം ജനുവരി 16 നു തിരിച്ചെത്തുമെന്ന് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് മേധാവി ടി മുഹമ്മദ് അലി അറിയിച്ചു.